കോലി-ഹെഡ് തർക്കം; ട്രാവിസ് ഹെഡിന്റെ ഭാര്യയ്ക്ക് നേരെ സൈബറാക്രമണം
ഐ.പി.എല്ലിൽ വിരാട് കോലിയും ട്രാവിസ് ഹെഡും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഹെഡിന്റെ ഭാര്യ ജെസിക്കയ്ക്ക് നേരെ രൂക്ഷമായ സൈബറാക്രമണം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മോശം കമന്റുകൾ നിറയുകയാണെന്നും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പോലും ചിലർ അധിക്ഷേപിക്കുകയാണെന്നും ജെസിക്ക ഓസ്‌ട്രേലിയൻ മാധ്യമങ്ങളോട് പറഞ്ഞു. കളിക്കളത്തിന് പുറത്ത് പരസ്പര ബഹുമാനം വേണമെന്നും ഓരോ കളിക്കാരന്റെയും പിന്നിൽ ഒരു കുടുംബമുണ്ടെന്ന് ആരാധകർ ഓർക്കണമെന്നും ജെസിക്ക കൂട്ടിച്ചേർത്തു.
കഴിഞ്ഞ മെയ് 22-ന് നടന്ന ഹൈദരാബാദ് - ബെംഗളൂരു മത്സരത്തിനിടയിലാണ് വിവാദ സംഭവങ്ങളുടെ തുടക്കം. മത്സരത്തിനിടെ കോലി ഹെഡിനെ പരിഹസിച്ചെങ്കിലും കോലി 15 റൺസെടുത്ത് പെട്ടെന്ന് പുറത്തായി. ഇതോടെ "ഞാൻ പന്തെറിയാൻ എത്തുന്നതിന് മുൻപേ നിങ്ങൾ ഔട്ടായല്ലോ" എന്ന് ഹെഡ് തിരിച്ചും പരിഹസിച്ചു.
മത്സരത്തിൽ ഹൈദരാബാദ് ജയിച്ച ശേഷം നടന്ന ഹസ്തദാന ചടങ്ങിനിടെ ഹെഡിന് കൈകൊടുക്കാതെ കോലി മുഖം തിരിച്ചു നടന്നുപോയിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കോലി ആരാധകർ ഹെഡിന്റെ ഭാര്യയുടെ പ്രൊഫൈലിൽ അധിക്ഷേപങ്ങളുമായി രംഗത്തെത്തിയത്.