ആലപ്പിക്കെതിരെ കൊല്ലം സെയിലേഴ്‌സിന് മിന്നും വിജയം; അസ്ഹറുദ്ദീന് സെഞ്ച്വറി, തിളങ്ങി വത്സൽ ഗോവിന്ദ്
കേരള ക്രിക്കറ്റ് ലീഗിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് ഉജ്ജ്വല വിജയം. മുഹമ്മദ് അസ്ഹറുദ്ദീന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിൽ ആലപ്പി ഉയർത്തിയ 187 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, 14 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു. 53 പന്തിൽ 93 റൺസ് നേടി കൊല്ലത്തെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ വത്സൽ ഗോവിന്ദാണ് മാൻ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 51 പന്തിൽ 7 സിക്സും 6 ഫോറുമടക്കം 100 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നപ്പോൾ, സച്ചിൻ ബേബി 40 റൺസ് നേടി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അരുൺ പൗലോസിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും അഭിഷേക് നായരും (52) വത്സൽ ഗോവിന്ദും (93) ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് (96 റൺസ്) വിജയം ഉറപ്പിച്ചു. അവസാന ഘട്ടത്തിൽ അർജുൻ വേണുഗോപാലിന്റെ ബൗണ്ടറികളിലൂടെ 17.4 ഓവറിൽ കൊല്ലം ലക്ഷ്യത്തിലെത്തുകയായിരുന്നു.