സെഞ്ച്വറി തിളക്കത്തിൽ കുശാഗ്രയും തിലക് വർമയും; നേപ്പാളിന് മുന്നിൽ 333 റൺസിന്റെ കൂറ്റൻ ലക്ഷ്യമുയർത്തി ഇന്ത്യ എ

 

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ അയൽക്കാരായ നേപ്പാളിന് മുന്നിൽ 333 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ എ. തുടക്കത്തിൽ തകർച്ച നേരിട്ട ടീമിനെ, മധ്യനിരയിൽ ക്യാപ്റ്റൻ തിലക് വർമയും കുമാർ കുശാഗ്രയും ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇരുവരും സെഞ്ച്വറി നേടിയതിനൊപ്പം നാലാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയർത്തി. നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 332 റൺസ് നേടിയത്.

ടോസ് നേടിയ നേപ്പാൾ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ സന്ദീപ് ലേമിച്ചാന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിൽ ഇന്ത്യൻ മുൻനിരയെ ചെറിയ സ്കോറിൽ പുറത്താക്കാൻ നേപ്പാൾ ബൗളർമാർക്കായി. അഭിഷേക് ശർമ (9), ആയുഷ് ബദോനി (2) എന്നിവർ രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ, കൗമാര താരം വൈഭവിന്റെ ഇന്നിങ്സ് 26 റൺസിലൊതുങ്ങി. ഇതോടെ 10.3 ഓവറിൽ മൂന്നിന് 42 എന്ന നിലയിലേക്ക് ഇന്ത്യ പതറി. എന്നാൽ, നാലാം വിക്കറ്റിൽ ഒന്നിച്ച തിലക് - കുശാഗ്ര സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

കരുതലോടെ മുന്നേറിയ സഖ്യം നേപ്പാൾ ബൗളർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. 25-ാം ഓവറിൽ ടീം സ്കോർ മൂന്നക്കം കടന്നു. മികച്ച സ്ട്രോക്ക് പ്ലേയുമായി കുശാഗ്ര കളം നിറഞ്ഞപ്പോൾ, തിലക് പതിഞ്ഞ താളത്തിലാണ് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്. ഒടുവിൽ 43-ാം ഓവറിൽ സ്കോർ 248-ൽ നിൽക്കെ കുശാഗ്രയെ പുറത്താക്കി രാജ് വംശിയാണ് ഈ കൂറ്റൻ കൂട്ടുകെട്ട് തകർത്തത്. 102 പന്തിൽ 10 ഫോറും അഞ്ച് സിക്സും സഹിതം 117 റൺസ് നേടിയാണ് കുശാഗ്ര മടങ്ങിയത്. 46-ാം ഓവറിൽ തിലക് വീഴുമ്പോൾ സ്കോർ 283-ൽ എത്തിയിരുന്നു. 113 പന്തിൽ ആറ് ഫോറും നാല് സിക്സുമടക്കം 107 റൺസാണ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത്.

പിന്നീട് ക്രീസിലെത്തിയവരിൽ സൂര്യാംശ് ഷെഡ്‌ഗെ ഒഴികെയുള്ള ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാനായില്ല. 14 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കം 36 റൺസെടുത്ത ഷെഡ്‌ഗെ പുറത്താകാതെ നിന്ന് ടീം സ്കോർ 330 കടത്തി. റിങ്കു സിങ് (9), ഷഹബാസ് അഹ്മദ് (8), വിപ്രജ് നിഗം (0), ഹർഷിത് റാണ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.