സൗദി സൂപ്പർ കപ്പ് മത്സരങ്ങൾക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കും
സൗദി സൂപ്പർ കപ്പ് മത്സരങ്ങൾക്ക് കുവൈത്ത് വേദിയാകുന്നു. ഡിസംബർ 19, 20 തീയതികളിൽ സെമിഫൈനലും ഡിസംബർ 23 ന് ഫൈനലും നടക്കും. ടൂർണമെന്റിന്റെ 13-ാം പതിപ്പിൽ അൽ നസർ, അൽ അഹ്ലി, അൽ ഖാദസിയ, അൽ ഖുലൂദ് എന്നീ നാല് സൗദി ക്ലബ്ബുകളാണ് ജാബിർ അൽ അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്.
മത്സരങ്ങളുടെ മുന്നോടിയായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 (ടി-1) നവംബറിൽ വീണ്ടും തുറക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് അറിയിച്ചു. സൗദി ആരാധകരുടെ യാത്ര എളുപ്പമാക്കുന്നതിനായി നുവൈസീബ് അതിർത്തിയിൽ 20 ബൂത്തുകൾ സജ്ജീകരിച്ച് സൗകര്യം വർധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിമാനത്താവളത്തിലെ ബയോമെട്രിക് വിരലടയാള പരിശോധനയിൽ ഇളവ് നൽകും. ഇവർക്ക് രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനുമായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഏർപ്പെടുത്തും. കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര കായിക രംഗത്ത് കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.