പരാജയങ്ങളിൽ നിന്ന് പാഠം, ഇനി ലക്ഷ്യം ധോണിക്കൊപ്പമുള്ള ഇന്നിങ്‌സ്; പുതിയ ആവേശത്തിൽ സഞ്ജു സാംസൺ

 

ടി20 ലോകകപ്പ് കിരീടജേതാവെന്ന തിളക്കവുമായാണ് ഇത്തവണ സഞ്ജു സാംസൺ ഐ.പി.എല്ലിന് തയ്യാറെടുക്കുന്നത്. തന്റെ പുതിയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പമുള്ള യാത്രയെ ഏറെ ആവേശത്തോടെയാണ് കാണുന്നതെന്ന് താരം പറഞ്ഞു. രാജസ്ഥാൻ റോയൽസിനോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ, ചെന്നൈയിൽ മഹേന്ദ്ര സിങ് ധോനിക്കൊപ്പം രണ്ട് മാസം ചെലവഴിക്കാൻ സാധിക്കുന്നത് കരിയറിലെ വലിയൊരു അവസരമാണെന്നും സഞ്ജു വ്യക്തമാക്കി. മത്സരത്തെ ധോണി സമീപിക്കുന്ന രീതി നേരിട്ട് കണ്ടറിയാൻ സാധിക്കുമെന്നതാണ് തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സഞ്ജു കൂട്ടിച്ചേർത്തു.

പരാജയങ്ങളെക്കുറിച്ചുള്ള കൃത്യമായ വിശകലനമാണ് തന്റെ മികച്ച തിരിച്ചുവരവിന് കാരണമായതെന്ന് സഞ്ജു ഓർമ്മിച്ചു. തുടർച്ചയായ പരാജയങ്ങൾ നേരിട്ട സമയത്ത് സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്ന് സമാധാനമായി ചിന്തിക്കാൻ സമയം കണ്ടെത്തി. ഷോട്ട് സെലക്ഷനിൽ വരുത്തിയ മാറ്റങ്ങളും പന്ത് കൃത്യമായി നോക്കി കളിക്കാൻ നടത്തിയ ശ്രമങ്ങളും ഗുണകരമായി. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 97 റൺസാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സെന്നും കഠിനധ്വാനത്തിലുള്ള വിശ്വാസമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും താരം പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വലിയ ഊർജമാണ് നൽകുന്നത്. സച്ചിൻ ടെണ്ടുൽക്കറിൽ നിന്ന് ലഭിച്ച സന്ദേശം തന്നെ വൈകാരികമായി സ്പർശിച്ച ഒന്നായിരുന്നുവെന്നും ഗൗതം ഗംഭീറുമായുള്ള ദീർഘകാല ബന്ധം കരിയറിൽ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മലയാളികൾക്ക് എല്ലായിടത്തും ലഭിക്കുന്ന സ്നേഹവും ബഹുമാനവും അഭിമാനകരമാണ്. എല്ലാവരും 'ചേട്ടാ' എന്ന് വിളിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പരാജയങ്ങളെക്കാൾ കഠിനധ്വാനത്തിലാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സഞ്ജു സാംസൺ വ്യക്തമാക്കി.