മൈതാനത്തേക്ക് തിരിച്ചെത്തിയ ലയണൽ മെസിയെ ആശ്വസിപ്പിച്ച് എതിർ ടീം താരം

 

 

പിതാവ് ഹോര്‍ഹെ മെസിയുടെ വേർപാടിന്‍റെ തീരാവേദനയ്ക്കിടയിലും മൈതാനത്തേക്ക് തിരിച്ചെത്തിയ അർജന്‍റീന ഇതിഹാസം ലയണൽ മെസിയെ ആശ്വസിപ്പിച്ച് എതിർ ടീം താരം. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ മത്സരത്തിനിടെയാണ് ലിയോണിന്‍റെ കൊളംബിയൻ പ്രതിരോധ താരം ജോഹാൻ റൊമാന മെസിയെ മൈതാനത്തുവെച്ച് സ്നേഹത്തോടെ കെട്ടിപ്പുണർന്നത്.

മയാമിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വൈകാരിക രംഗം നിമിഷനേരം കൊണ്ടാണ് കായികലോകത്ത് തരംഗമായത്. പിതാവിന്‍റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ കളത്തിലിറങ്ങിയ മെസിക്കുള്ള ആദരവായി എതിർ ക്ലബ്ബായ ലിയോൺ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. 'ഈ ആലിംഗനം ലിയോണിന്‍റെ വകയാണ്, എല്ലാവരുടെയും വകയാണ്, ഫുട്ബോളിന്‍റെ വകയാണ്. പ്രിയപ്പെട്ട ലയണൽ, ഇത് നിനക്കുള്ളതാണ്' എന്ന കുറിപ്പോടെയാണ് ക്ലബ്ബ് ചിത്രം പോസ്റ്റ് ചെയ്തത്.