അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ലക്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്തും ഉടമ സഞ്ജീവ് ഗോയങ്കയും
ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി അനുഗ്രഹം തേടി ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ടീമിലെ മറ്റ് അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പുതിയ സീസണിന് ആത്മീയമായ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന്റെ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമായി നടക്കുകയാണ്.
സന്ദര്‍ശനത്തെ കുറിച്ച് സഞ്ജീവ് ഗോയങ്ക പറഞ്ഞതിങ്ങനെ… ''ശ്രീരാമന്റെ അനുഗ്രഹം തേടുന്നത് ഒരിക്കലും മതിയാകില്ല. പുതിയ സീസണ്‍ തുടങ്ങാനിരിക്കെ താരങ്ങളെല്ലാം ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു. ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കില്‍ എല്ലാം ശരിയാകും.'' സഞ്ജീവ് ഗോയങ്ക പറഞ്ഞു. കഴിഞ്ഞ സീസണില്‍ 27 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭ് പന്ത് ലക്‌നൗവിലെത്തിയത്. എന്നാല്‍ പന്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കഴിഞ്ഞ വര്‍ഷം ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.