ഫിഫ ലോകകപ്പ് സ്ക്വാഡിൽ ഇടംനേടി മലയാളി താരം; ഖത്തർ ദേശീയ ടീമിൽ ചരിത്രനേട്ടവുമായി തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ്
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി താരം ബൂട്ടണിയാനൊരുങ്ങുന്നു. മെഗാ ടൂർണമെന്റിനായി പ്രഖ്യാപിച്ച 26 അംഗ ഖത്തർ ദേശീയ ടീമിലാണ് കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ചരിത്രത്തിലിടം നേടിയത്. ഇതോടെ ഫിഫ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുന്ന ചരിത്രത്തിലെ ആദ്യ മലയാളി താരമെന്ന സുവർണ്ണ നേട്ടം തഹ്സിൻ സ്വന്തമാക്കി. നേരത്തെ പ്രഖ്യാപിച്ച സാധ്യതാ പട്ടികയിലുണ്ടായിരുന്ന തഹ്സിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ 26 അംഗ സ്ക്വാഡിനെ ഖത്തർ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
അൽ ദുഹൈലിന്റെ വിംഗർ; ഖത്തർ ലീഗിലെ ഇന്ത്യൻ വിസ്മയം
ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന്റെ (Al-Duhail) താരമായ തഹ്സിൻ, ഈ പ്രശസ്തമായ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തറിലെ വിവിധ യൂത്ത് അക്കാദമികളുടെ ഭാഗമായിരുന്ന താരം, ദേശീയ തലത്തിൽ ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. മൈതാനത്ത് ഇടതുവിങ്ങറായി (Left Winger) കളിക്കുന്ന തഹ്സിൻ, വേഗതയേറിയ നീക്കങ്ങളിലൂടെ എതിർ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും സഹതാരങ്ങൾക്ക് ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും അതീവ മിടുക്കനാണ്.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു തഹ്സിന്റെ അന്താരാഷ്ട്ര സീനിയർ ടീം അരങ്ങേറ്റം. പിന്നീട് ഇന്ത്യക്കെതിരായ മത്സരത്തിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ യോഗ്യതാ റൗണ്ടിലെ നിർണായകമായ അവസാന രണ്ട് മത്സരങ്ങളിൽ തഹ്സിൻ ഖത്തറിനായി ബൂട്ടണിഞ്ഞു.
ജനിച്ചതും വളർന്നതും ഖത്തറിൽ
ഖത്തറിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ മുഹമ്മദ്. ഖത്തറിൽ തന്നെ ജനിച്ചു വളർന്ന തഹ്സിൻ കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ജൂൺ 11 മുതൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി സംയുക്തമായി നടക്കുന്ന ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. ഇത്തവണ ലോകകപ്പ് പുൽമൈതാനത്ത് ഒരു മലയാളി താരം വിസ്മയം തീർക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആഗോള മലയാളി ഫുട്ബോൾ ആരാധകർ.
പ്രഖ്യാപിച്ച ഖത്തർ ലോകകപ്പ് സ്ക്വാഡ്:
- ഗോൾകീപ്പർമാർ: സലാ സക്കറിയ (അൽ-ദുഹൈൽ), മഹ്മൂദ് അബുനാദ (അൽ റയ്യാൻ), മിഷാൽ ബർഷം (അൽ-സദ്ദ്).
- പ്രതിരോധനിരക്കാർ: ഹാഷ്മി ഹുസൈൻ (അൽ അറബി), അയൂബ് അലവി (അൽ ഗരാഫ), ബൗലം ഖൂഖി (അൽ-സദ്ദ്), പെഡ്രോ മിഗുവേൽ (അൽ-സദ്ദ്), ഈസ ലായെ (അൽ അറബി), ലൂക്കാസ് മെൻഡിസ് (അൽ-വക്ര), സുൽത്താൻ അൽ-ബ്രേക്ക് (അൽ-ദുഹൈൽ), ഹൊമാം അൽ-അമീൻ (കൾച്ചറൽ ലിയോണസ).
- മധ്യനിരക്കാർ: മുഹമ്മദ് അൽ-മാനൈ (അൽ ഷമാൽ), ജാസെം ജാബർ (അൽ അറബി), കരീം ബൂദിയാഫ് (അൽ-ദുഹൈൽ), അഹമ്മദ് ഫത്ഹി (അൽ അറബി), അബ്ദുൽഅസീസ് ഹാതിം (അൽ റയ്യാൻ), ആസിം മദിബോ (അൽ-വക്ര).
- മുന്നേറ്റനിരക്കാർ: തഹ്സീൻ മുഹമ്മദ് (അൽ-ദുഹൈൽ), എഡ്മിൽസൺ ജൂനിയർ (അൽ-ദുഹൈൽ), അൽമോയസ് അലി (അൽ-ദുഹൈൽ), അക്രം അഫീഫ് (അൽ-സദ്ദ്), മുഹമ്മദ് മുൻതാരി (അൽ ഗരാഫ), യൂസഫ് അബ്ദുൽ റസാഖ് (അൽ-വക്ര), അഹമ്മദ് അലാ (അൽ റയ്യാൻ), ഹസ്സൻ അൽ-ഹൈദോസ് (അൽ-സദ്ദ്), അഹമ്മദ് അൽ-ജനാഹി (അൽ ഗരാഫ).