ഖത്തർ ലോകകപ്പ് ടീമിൽ മലയാളി താരം

 

ലോക ഫുട്‌ബോളിന്റെ മഹാമേളയിൽ മലയാളി സാന്നിധ്യത്തിന് സാധ്യത തെളിയുന്നു.. 2026 ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിന്റെ 34 അംഗ പ്രാഥമിക സ്‌ക്വാഡിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്‌സിൻ മുഹമ്മദ് ഇടം നേടി. അക്രം അഫീഫ്, ഹസൻ അൽഹൈദോസ്, അൽമുഈസ് അലി തുടങ്ങിയ സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ സംഘത്തിലാണ് യുവതാരത്തിന്റെ തിരഞ്ഞെടുപ്പ്.ഖത്തർ ഫുട്‌ബോളിലൂടെ വളർന്നു വന്ന തഹ്‌സിൻ 2021 മുതൽ അണ്ടർ 16 ദേശീയ ടീമിൽ ശ്രദ്ധേയനായി. തുടർന്ന് അണ്ടർ 17, അണ്ടർ 19 ടീമുകളിലും സ്ഥിര സാന്നിധ്യമായ താരം പിന്നീട് ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലേക്കും എത്തി. 2024 മാർച്ചിലാണ് ക്ലബിനായി സീനിയർ അരങ്ങേറ്റം നടത്തിയത്.

ദേശീയ ടീമിനായി 2024 ജൂണിൽ അഫ്ഗാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയായിരുന്നു തഹ്‌സിന്റെ അരങ്ങേറ്റം. തുടർന്ന് വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്നു മത്സരങ്ങളിലും കളിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ക്ലബ്ബ് തലത്തിലും ദേശീയ ടീമിലും ലഭിച്ച അവസരങ്ങൾ അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കരുത്തായി.അന്തിമ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞാൽ, ലോകകപ്പ് വേദിയിൽ കളിക്കുന്ന മലയാളി താരമെന്ന ചരിത്ര നേട്ടം തഹ്‌സിൻ മുഹമ്മദിനെ കാത്തിരിക്കുന്നു.