ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളി ആർ. കാർത്തിക് വർമ്മ

 

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളിയായ ആർ. കാർത്തിക് വർമ്മയെ ബി.സി.സി.ഐ നിയമിച്ചു. ഈ മാസം 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് കാർത്തിക് വർമ്മ ചുമതലയേൽക്കുക. ഇന്ത്യൻ സീനിയർ ടീമിന്റെ മാനേജർ സ്ഥാനത്തേക്ക് ഒരു മലയാളി എത്തുന്നത് കേരളത്തിന്റെ കായികരംഗത്തിന് അഭിമാനനേട്ടമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കേരളത്തിലെയും രാജ്യത്തെയും ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാണ് കാർത്തിക് വർമ്മ. 2005 മുതൽ കേരള ക്രിക്കറ്റിന്റെ വളർച്ചയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന അദ്ദേഹം എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കെ.സി.എ ഫിനാൻസ് കമ്മിറ്റി ചെയർമാൻ, അന്താരാഷ്ട്ര മത്സരങ്ങളുടെ ജനറൽ കൺവീനർ തുടങ്ങിയ പദവികളിലെ പ്രവർത്തന മികവാണ് ദേശീയതലത്തിലെ പുതിയ ചുമതലയിലേക്ക് വഴിയൊരുക്കിയത്. നിലവിൽ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഓണററി സെക്രട്ടറിയാണ് കാർത്തിക് വർമ്മ.