വൈഭവിന് അർധസെഞ്ചുറി, മായങ്ക് യാദവിന് 3 വിക്കറ്റ്; സിംബാബ്‌വെയെ തകർത്ത് ഇന്ത്യ
സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തിലും മിന്നുന്ന വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര 3-0ത്തിന് തൂത്തുവാരി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 റൺസിനാണ് ഇന്ത്യയുടെ ജയം. ശ്രേയസ് അയ്യർ ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി20 പരമ്പര നേട്ടമാണിത്.
ഇന്ത്യക്കായി കൗമാര താരം വൈഭവ് സൂര്യവംശി ബാറ്റിങ്ങിലും മായങ്ക് യാദവ് ബൗളിങ്ങിലും തിളങ്ങി. 49 പന്തിൽ 81 റൺസ് അടിച്ചുകൂട്ടിയ 15-കാരൻ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പരമ്പരയിലെ താരത്തിന്റെ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. ഇഷാൻ കിഷൻ (29), ശ്രേയസ് അയ്യർ (27), റിങ്കു സിങ് (25*) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണർ അഭിഷേക് ശർമ (2) വീണ്ടും നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ തുടക്കത്തിലെ തകർന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ബ്രയാൻ ബെന്നറ്റിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയരെ, നാലാം ഓവറിലെ തുടർച്ചയായ പന്തുകളിൽ ഡിയോൺ മയേഴ്സിനെയും (19) ക്യാപ്റ്റൻ സിക്കന്ദർ റാസയെയും (0) പുറത്താക്കി യഷ് ഠാക്കൂർ പ്രതിരോധത്തിലാക്കി.
മധ്യനിരയിൽ വെസ്ലി മധേവരയെയും (28) ബ്രാഡ് ഇവാൻസിനെയും പുറത്താക്കി മായങ്ക് യാദവ് മൂന്ന് വിക്കറ്റ് നേട്ടം തികച്ചു. 43 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്ന റയാൻ ബേളാണ് സിംബാബ്‌വെയുടെ പോരാട്ടം നയിച്ചത്.