വംശീയാധിക്ഷേപം നടത്തിയ പരാഗ്വേ സെനറ്റര്‍ക്കെതിരെ എംബാപ്പെ

 

 

ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് പരാഗ്വേ തോറ്റതിന് പിന്നാലെ, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്കെതിരെ നടന്ന വംശീയാധിക്ഷേപത്തില്‍ പ്രതിഷേധം. പരാഗ്വേയിലെ ലിബറല്‍ റാഡിക്കല്‍ പാര്‍ട്ടി സെനറ്ററായ സെലസ്റ്റെ അമരില്ലയാണ് എംബാപ്പെയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. അമരില്ലയെ 'നികൃഷ്ടയായ സ്ത്രീ' എന്ന് വിശേഷിപ്പിച്ച എംബാപ്പെ, അവര്‍ പരാഗ്വേ പാര്‍ലമെന്റില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്നും കുറ്റപ്പെടുത്തി.

'നിങ്ങളുടെ അവിവേകം നിറഞ്ഞതും ക്രൂരവുമായ വംശവെറി കാരണം, ഈ ലോകകപ്പില്‍ നിങ്ങളുടെ ടീമിലെ കളിക്കാര്‍ നടത്തിയ ചരിത്രപരമായ മുന്നേറ്റവും കഠിനാധ്വാനവും ലോകം മുഴുവന്‍ മറന്നുപോയിരിക്കുന്നു' എംബാപ്പെ എക്‌സില്‍ കുറിച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് പരാഗ്വെയെ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെ സെലസ്റ്റെ അമരില്ല എക്‌സ് പ്ലാറ്റ്ഫോമിലൂടെ എംബാപ്പെയുടെ പാരമ്പര്യം, വളര്‍ച്ച, വിദ്യാഭ്യാസം, രൂപം എന്നിവയെ പരിഹസിച്ച് നിരവധി വംശീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

'സെലെസ്റ്റെ അമറില്ല, താങ്കള്‍ ഒരു നികൃഷ്ടയായ സ്ത്രീയാണ്, താങ്കള്‍ വഹിക്കുന്ന സ്ഥാനത്തിന് ഒട്ടും യോജിച്ചതല്ല ഈ പെരുമാറ്റം. ലോകകപ്പിലുടനീളം അഭിമാനത്തോടെ പോരാടിയ പരാഗ്വേയെയല്ല താങ്കള്‍ പ്രതിനിധീകരിക്കുന്നത്. താങ്കളുടെ ഈ വിവരമില്ലായ്മയും വംശീയതയും ലോകത്തിന്റെ മുന്നില്‍ സ്വന്തം രാജ്യത്തിന്റെ പ്രതിച്ഛായയാണ് നശിപ്പിക്കുന്നത്. വെറുപ്പും വംശീയാധിക്ഷേപവും പ്രചരിപ്പിക്കാന്‍ ഇത്തരം ആളുകളെ ഒരിക്കലും അനുവദിക്കില്ല,' എംബാപ്പേ വ്യക്തമാക്കി. പരാഗ്വേയിലെ കളിക്കാരെ ഇത്തരം പരാമര്‍ശങ്ങള്‍ അപമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.