സ്‌പെയിനിലെ കാട്ടുതീ ദുരിതാശ്വാസത്തിന് 88 ലക്ഷം രൂപ നൽകി മെസ്സി

 

സ്‌പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി 88 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. മഡ്രിഡിലെ സിയേറ ഒസ്റ്റെ പ്രവിശ്യയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് മുൻ ബാഴ്‌സലോണ താരമായ മെസ്സി പണം കൈമാറിയത്. പ്രാദേശിക ഭരണകൂടത്തിന്റെ തലവയായ ഇസബെൽ ഡയസ് അയുസോയാണ് ഈ വിവരം പുറത്തുവിട്ടത്.

യൂറോപ്പിലുണ്ടായ ശക്തമായ ഉഷ്ണതരംഗത്തെ തുടർന്നുണ്ടായ കാട്ടുതീയിൽ സ്‌പെയിനിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് കത്തിനശിച്ചത്. കരിയറിന്റെ നല്ലൊരു ഭാഗവും സ്‌പെയിനിൽ ചെലവഴിച്ച മെസ്സി തന്റെ ചാരിറ്റബിൾ ഫൗണ്ടേഷനായ 'ലിയോ മെസ്സി ഫൗണ്ടേഷൻ' വഴിയാണ് തുക നൽകിയത്.

2010 മുതൽ യൂനിസെഫിന്റെ (UNICEF) ഗുഡ്‌വിൽ അംബാസഡർ കൂടിയായ മെസ്സി ലോകമെമ്പാടുമുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പതിവായി സാമ്പത്തിക സഹായം നൽകിവരാറുണ്ട്.