പിതാവിന്റെ വിയോഗത്തിന് ശേഷം മെസി വീണ്ടും കളിക്കളത്തിൽ; വൻ വരവേൽപ്പ് നൽകി ആരാധകർ

 

പിതാവും മാനേജറുമായിരുന്ന ഹോർഹെ മെസിയുടെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം അർജന്റീനിയൻ താരം ലയണൽ മെസി മൈതാനത്തേക്ക് തിരിച്ചെത്തി. തനിക്ക് ഇനിയങ്ങോട്ട് ഫുട്ബോളിൽ തുടരാൻ സാധിക്കുമോ എന്ന സന്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി താരം ഇന്റർ മിയാമിക്കായി വീണ്ടും ബൂട്ട് കെട്ടിയത്.

ആഗസ്റ്റ് എട്ടിനാണ് റോസാരിയോയിൽ വെച്ച് ഹോർഹെ മെസി അന്തരിച്ചത്. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഇന്റർ മിയാമി ക്യാപ്റ്റനായ മെസിക്ക് ക്ലബ്ബ് വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ ആരാധകരെ അത്ഭുതപ്പെടുത്തി മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി താരം കളത്തിലിറങ്ങുകയായിരുന്നു. വലിയ കരഘോഷത്തോടെയാണ് കാണികൾ മെസിയെ സ്വീകരിച്ചത്.

രണ്ടാം പകുതി മുഴുവൻ മെസി കളത്തിലിറങ്ങിയെങ്കിലും മത്സരത്തിൽ മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മിയാമി പരാജയപ്പെട്ടു.