ഇന്റര്‍മിയാമിയില്‍ മെസിക്ക്‌ ചരിത്ര ഗോള്‍

 

 

മേജര്‍ ലീഗ്‌ സോക്കര്‍ ജേതാക്കളും മെക്‌സിക്കന്‍ ലീഗ്‌ എം എക്‌സ്‌ ചാമ്പ്യന്‍മാരും ഏറ്റുമുട്ടുന്ന കാംപിയോനെസ്‌ കപ്പില്‍ മെസിയുടെ ഇന്റര്‍മിയാമി ചാമ്പ്യന്‍മാരായി. മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ്‌ അസൂലിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ ഇന്റര്‍മിയാമി അവരുടെ ആദ്യത്തെ കാംപിയോനെസ്‌ കപ്പ്‌ വിജയം സ്വന്തമാക്കിയത്‌. ആവേശകരമായ മത്സരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസി ഒരു ഗോളും ഒരു അസിസ്‌റ്റുമായി തിളങ്ങി.

തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ 21-ാം മിനുട്ടില്‍ മെസി ഗോളടിക്ക്‌ തുടക്കമിട്ടു. ഇതാകട്ടെ, ഇന്റര്‍മിയാമിയില്‍ മെസിയുടെ നൂറാം ഗോളായിരുന്നു.മെസിയുടെ അസിസ്റ്റില്‍ ബ്രസീലിയന്‍ താരം കാസിമെറോ രണ്ടാം ഗോള്‍ നേടിയത്‌ 81- താം മിനുട്ടില്‍.ഇന്റര്‍മിയാമിയുടെ പുതിയ പരിശീലകന്‍ ക്രിസ്റ്റ്യന്‍ ഗോണ്‍സാലസിന്‌ കീഴില്‍ ആദ്യ കിരീടവിജയമാണിത്‌. അര്‍ജന്റൈന്‍ കോച്ച്‌ ചുമതലയേറ്റെങ്കിലും വിസ പ്രശ്‌നങ്ങള്‍ കാരണം ടീമിനൊപ്പം ചേരുന്നത്‌ വൈകുകയായിരുന്നു. ഗോണ്‍സാലസിന്‌ കീഴില്‍ ഇന്റര്‍മിയാസി കളിക്കുന്ന ആദ്യ മത്സരമാണ്‌ കാംപിയോനെസ്‌ കപ്പ്‌.

മത്സരത്തിലെ ആദ്യ സുവര്‍ണാവസരം മെക്‌സിക്കന്‍ ക്ലബ്ബിനായിരുന്നു. ബോക്‌സിനുള്ളില്‍ വെച്ച്‌ ജോസ്‌ പാറഡേലയുടെ കനത്ത ഷോട്ട്‌ ഇന്റര്‍മിയാമി ഗോളി ഡെയിന്‍ സെന്റ്‌ ക്ലെയര്‍ മികച്ച സേവിലൂടെ തടഞ്ഞു. അധികം വൈകാതെ ഇന്റര്‍മിയാമി സ്‌കോര്‍ഷീറ്റില്‍ ഇടം പിടിച്ചു. ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ്‌ സുവാരസ്‌ നല്‍കിയ ക്രോസ്‌ ബോള്‍ മെസിയുടെ വരവ്‌ മുന്‍കൂട്ടി അറിഞ്ഞിട്ടുള്ളതായിരുന്നു. ഹെഡര്‍ ഗോളിന്‌ ശേഷം മെസി ആഹ്ലാദം പ്രകടിപ്പിച്ചത്‌ സുവാരസിന്റെ അസിസ്റ്റ്‌ മികവിനെ വാഴ്‌ത്തിക്കൊണ്ടായിരുന്നു. തനിക്കൊരു അവസരം നല്‍കിയ സുവാരസിന്‌, മെസിയും ഗോളവസരം സൃഷ്ടിച്ചു.

പ്രതിരോധ നിരയെ കീറിമുറിച്ച്‌ മെസി നല്‍കിയ പാസ്‌ സുവാരസ്‌ ഗോളിയുടെ തലക്ക്‌ മുകളിലൂടെ സ്‌കൂപ്‌ ചെയ്‌ത്‌ വിട്ടു. എന്നാല്‍, ഗോള്‍ ലൈനില്‍ വെച്ച്‌ ആ പന്ത്‌ ക്ലിയര്‍ ചെയ്‌തത്‌ സുവാരസിന്‌ ഗോള്‍ നിഷേധിച്ചു. മെസിയും സുവാരസും നടത്തിയ മറ്റൊരു നീക്കത്തില്‍ മെസി ഗോളടിച്ചെങ്കിലും അത്‌ ഓഫ്‌ സൈഡായി.

കാംപിയോനെസ്‌ കപ്പിന്റെ എട്ടാം എഡിഷനാണ്‌ ഇത്തവണ നടന്നത്‌. എല്ലാ വര്‍ഷവും എം എല്‍ എസ്‌ ജേതാക്കളാണ്‌ ആതിഥേയത്വം വഹിക്കുക. അവസാനം നടന്ന മൂന്ന്‌ എഡിഷനുകളിലും മെക്‌സിക്കന്‍ ക്ലബ്ബുകളായിരുന്നു ജേതാക്കളായത്‌. മെക്‌സിക്കന്‍ കരുത്തരായ ക്രൂസ്‌ അസൂല്‍ ഇതുവരെ കാംപിയോനെസ്‌ കപ്പ്‌ നേടിയിട്ടില്ല. 2021 ല്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം കൈയ്യകലെ നഷ്ടമായി. മെസി എം എല്‍ എസ്‌ ക്ലബ്ബിനായി നൂറാം ഗോള്‍ നേടിയ മത്സരത്തില്‍, ഇന്റര്‍മിയാമി ചരിത്രം സൃഷ്ടിച്ച്‌ അവരുടെ ആദ്യ കാംപോയോനെസ്‌ കപ്പ്‌ ഉയര്‍ത്തിയത്‌ അവിസ്‌മരണീയമായി.