മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

 

 

ഇതിഹാസ നായകൻ ലയണൽ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി. നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തിൽ വിശ്വ വിഖ്യാതമായ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സി അവസാനമായി മെസി അണിയും. എതിരാളികൾ, വേദി, അദ്ദേഹം ധരിക്കുന്ന 10ാം നമ്പർ ജേഴ്സി ഈ മത്സരത്തിലെ എല്ലാം സവിശേഷതകൾ ഏറെയുള്ളതാണ്. മനോഹരമായൊരു യാത്രയയപ്പാണ് തങ്ങളുടെ ഇതിഹാസ നായകനായി അർജന്റീന ഒരുക്കിയിരിക്കുന്നത്. സ്വർണ നിറത്തിൽ പേരും 10 എന്ന നമ്പറും സവിശേഷമായി കൊടുത്തിട്ടുള്ള ജേഴ്സിയുമായിരിക്കും മത്സരത്തിൽ അദ്ദേഹം ധരിക്കുക. ഇതിന്റെ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ ആരാധകർക്ക് സീ സ്പോർട്സ് ചാനലിലൂടെയും സീ5 ആപ്പിലൂടെയും മത്സരം തത്സമയം കാണാം.

കുഞ്ഞൻ ആഫ്രിക്കൻ രാജ്യം ബെനിൻ ആണ് ഫിഫയുടെ അന്താരാഷ്ട്ര വിൻഡോയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മെസിയുടെ അവസാന അർജന്റീന പോരാട്ടത്തിലെ എതിരാളികൾ. ബ്യൂണസ് അയേഴ്സിലെ റിവർപ്ലേറ്റിന്റെ തട്ടകവും ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേഡിയവുമായി എൽ മോനുമെന്റലിലാണ് മെസിയുടെ അവസാന പോരാട്ടം. 84,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിശാലമായ മൈതാനത്താണ് പോരാട്ടം.