മെസ്സിയുടെ സന്ദർശനം: 33,000 പേർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് ബംഗാൾ മുഖ്യമന്ത്രി

 

ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശന വേളയിൽ ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ദേശീയ കായികദിനാചരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വൻതുക നൽകി ടിക്കറ്റെടുത്ത കാണികൾക്ക് ആസൂത്രണത്തിലെ പിഴവ് കാരണം മെസ്സിയെ കാണാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് സ്റ്റേഡിയത്തിൽ വൻ പ്രതിഷേധവും അക്രമസംഭവങ്ങളും അരങ്ങേറി. തുടർന്ന് സംഘാടകൻ സതദ്രു ദത്ത അറസ്റ്റിലാകുകയും അന്നത്തെ കായികമന്ത്രിക്ക് രാജിവെക്കേണ്ടിവരികയും ചെയ്തിരുന്നു. ടിക്കറ്റ് വിൽപ്പനയിലൂടെ സമാഹരിച്ച 19 കോടിയോളം രൂപ സംഘാടകന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ സർക്കാരിന്റെ ആശ്വാസ നടപടി.

മുൻ ഹോക്കി താരം ഗുർബക്സ് സിങ്, എ.ഐ.എഫ്.എഫ് അധ്യക്ഷൻ കല്യാൺ ചൗബേ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങൾക്ക് സർക്കാർ സർവീസിലേക്കുള്ള നിയമന ഉത്തരവുകളും മുഖ്യമന്ത്രി കൈമാറി. കായിക മേഖലയുടെ പുരോഗതിക്കായി 100 കോടി രൂപ വകയിരുത്തിയതായും ഈ വർഷം 100 പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.