മെസിയുടെ സന്ദർശനം; 50 കോടി രൂപയുടെ മാനനഷ്ട നോട്ടീസുമായി സൗരവ് ഗാംഗുലി

 

ലിയോണൽ മെസിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട തർക്കങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതിനെതിരെ മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. കൊൽക്കത്തയിലെ അർജന്റീന ഫാൻ ക്ലബ് പ്രസിഡന്റ് ഉത്തം സാഹയ്‌ക്കെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗാംഗുലി വക്കീൽ നോട്ടീസ് അയച്ചത്.

മെസിയുടെ 'ഗോട്ട് ടൂർ' (GOAT Tour) സംഘാടകനായ സതാദ്രു ദത്തയും ഫാൻ ക്ലബ്ബും തമ്മിലുള്ള തർക്കങ്ങളിൽ ഗാംഗുലി മധ്യസ്ഥത വഹിച്ചു എന്ന ഉത്തം സാഹയുടെ ആരോപണമാണ് നിയമനടപടിക്ക് കാരണമായത്. ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഗാംഗുലി നോട്ടീസിൽ വ്യക്തമാക്കി. മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു അതിഥിയായി മാത്രമാണ് താൻ സ്റ്റേഡിയത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മെസിയുടെ സന്ദർശനം വലിയ ജനരോഷത്തിന് കാരണമായിരുന്നു. തങ്ങളുടെ പ്രിയതാരത്തെ അടുത്തു കാണാൻ കഴിയാത്തതിൽ പ്രകോപിതരായ ആരാധകർ സ്റ്റേഡിയത്തിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. സംഭവത്തെത്തുടർന്ന് മുഖ്യ സംഘാടകൻ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ബംഗാൾ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പേരും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.