അടുത്ത രഞ്ജി സീസണിലേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ

 

 

അടുത്ത രഞ്ജി ട്രോഫി സീസണിൽ മുംബൈ ടീമിനെ 34-കാരനായ സിദ്ധേഷ് ലാഡ് നയിക്കും. നിലവിലെ നായകനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഷാർദുൽ താക്കൂറിന് പകരമാണ് സിദ്ധേഷ് ലാഡിനെ പുതിയ ക്യാപ്റ്റനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുത്തത്. ഷാർദുലിന്‍റെ ജോലിഭാരം കുറക്കുക്കുന്നതിന്‍റെ ഭാഗമായാണ് നായകസ്ഥാനത്ത് ഈ അടിയന്തര മാറ്റം വരുത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

കഴിഞ്ഞ 2025-26 സീസണിൽ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ഷാർദുൽ താക്കൂർ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ഷാർദുലിന്‍റെ മികവിനു കീഴിൽ മുംബൈ കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയിരുന്നു. ഒക്ടോബർ 11-ന് ആരംഭിക്കുന്ന പുതിയ രഞ്ജി സീസണിലെ ആദ്യ മത്സരത്തിൽ ചണ്ഡീഗഡാണ് മുംബൈയുടെ എതിരാളികൾ.

ഗോവയിൽ നിന്ന് ഒരു വർഷത്തെ കൂളിംഗ് ഓഫ് പീരീഡിന് ശേഷം 2024-25 സീസണിലാണ് സിദ്ധേഷ് ലാഡ് മുംബൈ ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ രഞ്ജി സീസണിൽ ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് ലാഡ് പുറത്തെടുത്തത്. കളിച്ച 8 മത്സരങ്ങളിൽ നിന്ന് 5 സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയുമടക്കം 77.40 ശരാശരിയിൽ 774 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഈ മിന്നുന്ന ഫോമും അനുഭവസമ്പത്തുമാണ് താരത്തെ ക്യാപ്റ്റൻസിയിലേക്ക് നയിച്ചത്.