മുംബൈ പ്ലേഓഫ് കാണാതെ പുറത്ത്; അക്കൗണ്ട് അൺഫോളോ ചെയ്ത് ഹാർദിക് പാണ്ഡ്യ? അമ്പരപ്പിൽ ആരാധകർ
ഐപിഎല്ലിൽ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യയുടെ സോഷ്യൽ മീഡിയ നീക്കങ്ങൾ ചർച്ചയാകുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിൽ തോറ്റതോടെയാണ് മുംബൈയുടെ പുറത്താകൽ ഉറപ്പായത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് അൺഫോളോ ചെയ്തത് ആരാധകർക്കിടയിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചു.
പരിക്കിനെത്തുടർന്ന് ആർസിബിക്കെതിരായ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. മത്സരശേഷം ഹാർദിക്കിന്റെ ഫോളോയിങ് ലിസ്റ്റിൽ മുംബൈ ഇന്ത്യൻസ് ഇല്ലെന്ന് ആരാധകർ കണ്ടെത്തുകയായിരുന്നു. നേരത്തെ 151 അക്കൗണ്ടുകളെ ഫോളോ ചെയ്തിരുന്ന താരത്തിന്റെ ലിസ്റ്റിൽ നിന്ന് മുംബൈ അപ്രത്യക്ഷമായതോടെ താരം ടീം വിടുകയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി. ഇതിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ, കുറച്ചുസമയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് വീണ്ടും ഹാർദിക്കിന്റെ ഫോളോയിങ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടു. താരം മനഃപൂർവ്വം അൺഫോളോ ചെയ്തതാണോ അതോ വല്ല സാങ്കേതിക തകരാറുമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ ഹാർദിക്കോ മുംബൈ ഫ്രാഞ്ചൈസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടൂർണമെന്റിൽ കളിച്ച 11 മത്സരങ്ങളിൽ എട്ടിലും തോറ്റ മുംബൈയ്ക്ക് ആറ് പോയിന്റ് മാത്രമാണുള്ളത്. ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് നായകനെന്ന നിലയിൽ ഹാർദിക്കിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ പുതിയ വിവാദം.