ഹാട്രിക് വിക്കറ്റുമായി നന്ദനി ശർമ; വനിതാ പ്രീമിയർ ലീഗിൽ ചരിത്രനേട്ടം

 

വനിതാ പ്രീമിയർ ലീഗിൽ (WPL) ഹാട്രിക് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ പേസറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം നന്ദനി ശർമ. ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തിലാണ് ഈ ഉജ്ജ്വല പ്രകടനം. മത്സരത്തിൽ ആകെ 5 വിക്കറ്റുകൾ വീഴ്ത്തിയ നന്ദനി, ഗുജറാത്ത് നിരയെ വിറപ്പിച്ചു.

ഗുജറാത്ത് ഇന്നിംഗ്‌സിലെ അവസാന ഓവറിലായിരുന്നു നന്ദനിയുടെ ഹാട്രിക് പ്രകടനം. 20-ാം ഓവറിലെ നാലാം പന്തിൽ കനിക അഹുജയെയും, അഞ്ചാം പന്തിൽ രാജേശ്വരി ഗെയ്ക്‌വാദിനെയും, അവസാന പന്തിൽ രേണുക സിംഗിനെയും പുറത്താക്കിയാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്. ഈ ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് നന്ദനി നേടിയത്. ഇസി വോങ്, ഗ്രെയ്‌സ് ഹാരിസ്, ദീപ്തി ശർമ എന്നിവർക്ക് ശേഷം വനിതാ പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് നന്ദനി.

ചണ്ഡീഗഢിൽ നിന്നുള്ള നന്ദനി ശർമയെ ഇത്തവണത്തെ ലേലത്തിൽ 20 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് ടീമിലേക്കുള്ള വഴിതുറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 209 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 205 റൺസിന് പോരാട്ടം അവസാനിപ്പിച്ചു. 4 റൺസിന്റെ ആവേശകരമായ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.