പുതുവർഷം കളറാക്കി സഞ്ജു; ഝാർഖണ്ഡിനെതിരേ സെഞ്ചുറി, കേരളത്തിന് മിന്നും ജയം
വിജയ് ഹസാരെ ട്രോഫിയിൽ ഝാർഖണ്ഡിനെതിരായ മത്സരത്തിൽ കേരളത്തിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. നായകൻ സഞ്ജു സാംസണും ഓപ്പണർ രോഹൻ കുന്നുമ്മലും സെഞ്ചുറി നേടി തിളങ്ങിയ മത്സരത്തിൽ ഝാർഖണ്ഡ് ഉയർത്തിയ 312 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 42.3 ഓവറിൽ കേരളം മറികടന്നു. 48 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു 90 പന്തിലാണ് സെഞ്ചുറി നേടിയത്. 9 ഫോറുകളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. രോഹൻ കുന്നുമ്മൽ 78 പന്തിൽ 8 ഫോറും 11 സിക്സറുമടക്കം 124 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു.
ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് കുമാർ കുശാഗ്രയുടെ സെഞ്ചുറി (143 നോട്ടൗട്ട്) മികവിലാണ് 311 റൺസ് അടിച്ചെടുത്തത്. അങ്കുൽ റോയ് 72 റൺസെടുത്ത് കുശാഗ്രയ്ക്ക് പിന്തുണ നൽകി. കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാല് വിക്കറ്റും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് വേണ്ടി സഞ്ജുവും രോഹനും ചേർന്ന് ഒന്നാം വിക്കറ്റിൽ 212 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. രോഹൻ പുറത്തായ ശേഷമെത്തിയ ബാബ അപരാജിത് (41), വിഷ്ണു വിനോദ് (40) എന്നിവർ പുറത്താകാതെ നിന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.
ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ കേരളത്തിന്റെ മൂന്നാം ജയമാണിത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച രോഹൻ കുന്നുമ്മൽ ഝാർഖണ്ഡ് ബൗളർമാരെ നിലംപരിശാക്കിയപ്പോൾ, സഞ്ജു സാംസൺ പക്വതയാർന്ന ബാറ്റിങ്ങിലൂടെ ടീമിനെ നയിച്ചു. രോഹനെ വികാസ് സിങ്ങും സഞ്ജുവിനെ ശുഭം സിങ്ങും പുറത്താക്കിയെങ്കിലും അപ്പോഴേക്കും കേരളം വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറാൻ കേരളത്തിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.