ഒരു നമ്പർ, രണ്ട് ഐഫോൺ! വിപ്ലവകരമായ മാറ്റവുമായി ആപ്പിളിന്റെ പുതിയ ഫീച്ചർ

 

ഒരേ ഫോൺ നമ്പർ ഉപയോഗിച്ച് രണ്ട് ഐഫോണുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായി ആപ്പിൾ. ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC) അവതരിപ്പിച്ച ഐഒഎസ് അപ്ഡേറ്റിലാണ് 'ഐഫോൺ ഹാൻഡ് ഓഫ്' (iPhone Handoff) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചറുള്ളത്.

Settings-ലെ Cellular ഓപ്ഷൻ വഴിയാണ് ഈ സേവനം ക്രമീകരിക്കേണ്ടത്. ഇതിനായി ഒരു ഐഫോൺ പ്രധാന ഉപകരണമായി (Primary) തിരഞ്ഞെടുത്ത് അതിൽ മെയിൻ eSIM ഇൻസ്റ്റാൾ ചെയ്യണം. രണ്ടാമത്തെ ഫോണിൽ 'കമ്പാനിയൻ eSIM' ആയിരിക്കും പ്രവർത്തിക്കുക. സെറ്റിംഗ്സ് പൂർത്തിയായാൽ ഉപയോക്താവ് ഏത് ഫോണാണോ അൺലോക്ക് ചെയ്യുന്നത്, ഫോൺ കോളുകളും സന്ദേശങ്ങളും സ്വയം ആ ഉപകരണത്തിലേക്ക് മാറും. നമ്പർ മാറുമ്പോഴുള്ള നോട്ടിഫിക്കേഷൻ ഡൈനാമിക് ഐലന്റിൽ തെളിയുകയും ചെയ്യും.

കൂടാതെ ആ സമയത്ത് ഉപയോഗിക്കുന്ന ഫോണിന് അനുസരിച്ചായിരിക്കും ലൊക്കേഷൻ ഷെയറിംഗും പ്രവർത്തിക്കുക. ടെലികോം ഓപ്പറേറ്റർമാരുടെ പിന്തുണയോടെ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചർ നിലവിൽ യു.എസിലെ 'T-Mobile' ശൃംഖലയിലാണ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ മറ്റ് മുൻനിര ടെലികോം സേവനദാതാക്കളിലേക്കും ഫീച്ചർ വ്യാപിപ്പിച്ചേക്കും.