ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ വീഴ്ത്താൻ പാകിസ്ഥാൻ; ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടം ഇന്ന്
ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിൽ ഇന്ന് പാകിസ്ഥാൻ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ശ്രീലങ്കയിലെ പല്ലക്കീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകൾക്കും സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ഇന്നത്തെ വിജയം അനിവാര്യമാണ്. പല്ലക്കീൽ പിച്ചിലെ സ്പിൻ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് ഇംഗ്ലണ്ടിനെ തളയ്ക്കാനാണ് പാക് നിരയുടെ പദ്ധതി.
കൊളംബോയിൽ നടക്കാനിരുന്ന പാകിസ്ഥാൻ - ന്യൂസിലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് നിലവിൽ പാകിസ്ഥാന്റെ സമ്പാദ്യം. അതിനാൽ തന്നെ ഇന്നത്തെ കളി അവർക്ക് ജീവന്മരണ പോരാട്ടമാണ്. പല്ലക്കീൽ മൈതാനത്ത് സ്പിന്നർമാർക്ക് ലഭിക്കുന്ന ടേൺ ഇംഗ്ലണ്ട് ബാറ്റർമാർക്ക് വലിയ വെല്ലുവിളിയാകും. നേരത്തെ ശ്രീലങ്കൻ സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലണ്ട് പതറിയ ചരിത്രം പാകിസ്ഥാന് ആത്മവിശ്വാസം നൽകുന്നുണ്ട്. അഞ്ചോളം സ്പിൻ ബൗളിംഗ് ഓപ്ഷനുകളുമായാണ് പാകിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്.
അതേസമയം, ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 95 റൺസിന് തകർത്തുവിട്ട ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. ഗ്രൂപ്പ് ബി-യിൽ രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള അവർക്ക് ഇന്നത്തെ വിജയം സെമിയിലേക്കുള്ള വഴി എളുപ്പമാക്കും.