പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി പരിശീലക സ്ഥാനം ഒഴിയുന്നു

 

വിഖ്യാത സ്പാനിഷ് പരിശീലകന്‍ പെപ്് ഗ്വാര്‍ഡിയോള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പടിയിറങ്ങുന്നു. സീസണില്‍ ടീമിനു ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് പ്രീമിയര്‍ ലീഗില്‍ ശേഷിക്കുന്നത്. ഈ മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ ഗ്വാര്‍ഡിയോള പടിയിറങ്ങും. അടുത്ത വര്‍ഷം വരെ സ്പാനിഷ് പരിശീലകന് കരാറുണ്ടെങ്കിലും അതു റദ്ദാക്കിയാണ് ഗ്വാര്‍ഡിയോള ക്ലബ് വിടുന്നത്. മുന്‍ ചെല്‍സി പരിശീലകന്‍ എന്‍സോ മരെസ്‌ക്ക ഗ്വാര്‍ഡിയോളയുടെ പകരക്കാരനായി എത്തും എന്നാണ് വിവരം.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിജയിച്ച ഒരു മാനേജിരിയല്‍ കാലത്തിനാണ് ഇതിഹാസ പരിശീലകന്‍ വിരാമമിടുന്നത്. 2016 ഫെബ്രുവരിയിലാണ് ഗ്വാര്‍ഡിയോള സിറ്റിയുടെ അമരത്തെത്തുന്നത്. മാനുവല്‍ പെല്ലഗ്രിനിക്കു പകരമായിരുന്നു നിയമനം. ആദ്യ ഘട്ടത്തില്‍ 3 വര്‍ഷ കരാറായിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി കരാര്‍ നീട്ടി. 10 വര്‍ഷം സിറ്റി ഡഗൗട്ടില്‍ ചെലവിട്ടാണ് പരിശീലകന്റെ പടിയിറക്കം.ചാംപ്യന്‍സ് ലീഗ്, 6 പ്രീമിയര്‍ ലീഗ്, 3 എഫ്എ കപ്പ്, അഞ്ച് ലീഗ് കപ്പ്, 3 കമ്മ്യൂണിറ്റി ഷീല്‍ഡ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ ഗ്വര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റി സ്വന്തമാക്കി. നിരവധി റെക്കോര്‍ഡുകളും മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമ്മാനിച്ച പരിശീലകനാണ് ഗ്വാര്‍ഡിയോള. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ടീം 100നു മുകളില്‍ പോയിന്റ് നേടുന്നത് ഗ്വാര്‍ഡിയോള പരിശീലിപ്പിച്ച സിറ്റിയാണ്. 2017-18 സീസണിലാണ് റെക്കോര്‍ഡ് നേട്ടം. 100നു മുകളില്‍ ഗോളുകള്‍ നേടുന്ന ടീമും സിറ്റിയാണ്. ആ സീസണില്‍ ടീം 106 ഗോളുകളാണ് എതിര്‍ വലയിലിട്ടത്.

2022-23 സീസണിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ആ സീസണില്‍ ട്രെബ്ള്‍ കിരീട നേട്ടവും ടീമിനുണ്ട്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ട്രെബ്ള്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായും സിറ്റി റെക്കോര്‍ഡിട്ടു. ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളാണ് സീസണില്‍ സിറ്റി സ്വന്തമാക്കിയത്. 1998-99 സീസണില്‍ സിറ്റിയുടെ നഗര വൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. തുടരെ നാല് വട്ടം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ആദ്യ ടീമും ഗ്വാര്‍ഡിയോളയുടെ സിറ്റിയാണ്. ഈ സീസണിലും ടീം എഫ്എ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.