സോഷ്യൽ മീഡിയ തൂക്കി പ്രഫുൽ ഹിംഗെ; കളിക്കാന്‍ ഇറങ്ങുമ്പോള്‍ 4,000 ഫോളോവേഴ്‌സ്, '2 ഓവറിൽ 4 വിക്കറ്റ്', ഫോളോവേഴ്‌സ് 1.85 ലക്ഷം

 

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച മീഡിയം പേസർ പ്രഫുൽ ഹിംഗെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വെറും രണ്ട് ഓവറിൽ ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രഫുലിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മത്സരത്തിന് ഇറങ്ങുന്ന സമയത്ത് ഇൻസ്റ്റഗ്രാമിൽ വെറും 4,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന താരത്തിന് കളി കഴിഞ്ഞപ്പോഴേക്കും 1.85 ലക്ഷം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളർ എന്ന അപൂർവ്വ റെക്കോർഡും ഈ 24-കാരൻ സ്വന്തമാക്കി. രാജസ്ഥാൻ നിരയിലെ കരുത്തരായ വൈഭവ് സൂര്യവംശി, ധ്രുവ് ജുറേൽ, ലുവാൻ ഡ്രെ പ്രിട്ടോറിയസ് എന്നിവരെ പുറത്താക്കിയാണ് പ്രഫുൽ തുടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ റിയാൻ പരാഗിനെയും മടക്കി അയച്ചു. ഒറ്റ രാത്രികൊണ്ട് ക്രിക്കറ്റ് പിച്ചിലും സോഷ്യൽ മീഡിയയിലും ഒരേപോലെ താരമായി മാറിയിരിക്കുകയാണ് ഈ യുവതാരം.