അൽ നസറിന് ആശ്വാസം; ട്രാൻസ്ഫർ വിലക്ക് നീക്കി ഫിഫ
സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഫിഫ പിൻവലിച്ചു. പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ക്ലബ്ബിനെ തടഞ്ഞുകൊണ്ടുള്ള പട്ടികയിൽ നിന്ന് അൽ നസറിന്റെ പേര് ഫിഫ നീക്കം ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പ്രതിരോധ താരം ഇമ്രിക് ലപ്പോർട്ടയെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട കുടിശ്ശിക തീർപ്പാക്കിയതോടെയാണ് നടപടി.
ഏകദേശം 9 ദശലക്ഷം യൂറോയാണ് ലപ്പോർട്ടയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് അൽ നസർ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകാനുണ്ടായിരുന്നത്. ഈ തുക ക്ലബ്ബ് പൂർണ്ണമായും കൈമാറിയതോടെ സാങ്കേതിക തടസ്സങ്ങൾ നീങ്ങി. ഇതോടെ ജനുവരിയിൽ ആരംഭിക്കുന്ന ശീതകാല ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് പുതിയ താരങ്ങളെ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും സാധിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രാൻസ്ഫർ വിപണിയിൽ ക്ലബ്ബ് നേരിട്ടിരുന്ന വലിയ പ്രതിസന്ധിക്കാണ് ഇതോടെ അറുതിയായത്.