വിരമിക്കൽ തീരുമാനം; സഹോദരിയെ തള്ളി റൊണാൾഡോ
2026 ലോകകപ്പിന് ശേഷം താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് സഹോദരി കാറ്റിയ അവെയ്റോയുടെ വാക്കുകൾ തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് മാധ്യമമായ സ്പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റൊണാൾഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ. ലോകകപ്പിൽ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുമ്പായിരുന്നു കാറ്റിയയയുടെ പ്രതികരണം.
എന്നാൽ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ റൊണാൾഡോ തന്നെ സഹോദരിയെ തള്ളി രംഗത്തെത്തി. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള വിരമിക്കൽ സംബന്ധിച്ച തീരുമാനങ്ങൾ പോർച്ചുഗലിന്റെ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സഹോദരി കാറ്റിയ ആവീറോ നടത്തിയ പ്രസ്താവനകളെ അദ്ദേഹം തള്ളിക്കളഞ്ഞു. വിരമിക്കൽ തീരുമാനം ഇപ്പോൾ പ്രധാനമല്ലെന്നും ടൂർണമെന്റിലെ ജയപരാജയങ്ങൾക്ക് ശേഷം കുടുംബവുമായി സംസാരിച്ച് ഏറ്റവും ഉചിതമായ തീരുമാനമെടുക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
വികാരാവേശത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി താൻ അവസാനിപ്പിച്ചുവെന്നും ഇപ്പോൾ എല്ലാം ശാന്തമായാണ് തീരുമാനിക്കുന്നതെന്നും 41-കാരനായ റൊണാൾഡോ പറഞ്ഞു. നിലവിൽ ദേശീയ ടീമിനെ സഹായിക്കുന്നതിനും കളി ആസ്വദിക്കുന്നതിനുമാണ് താൻ മുൻഗണന നൽകുന്നത്.