'എന്ത് ചോദ്യമാണിത്?; എത്ര നല്ല കാര്യങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചു': മോശം പ്രകടനത്തെ കുറിച്ചുളള ചോദ്യത്തില്‍ ക്ഷുഭിതനായി രോഹിത്

 

അന്താരാഷ്ട്ര ക്രിക്കറ്റിൽ മാസങ്ങളായി മോശം ഫോം തുടരുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അമ്പേ പരാജയമായ താരം നിരവധി വിമർശന ശരങ്ങളേറ്റു വാങ്ങി.  ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ചിരിക്കുകയാണ് രോഹിത്.

കഴിഞ്ഞ കുറേ മത്സരങ്ങളിലായി ഫോം വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന രോഹിതിന് തന്‍റെ ഇഷ്ട ഫോർമാറ്റിലേക്ക് തിരികെയെത്തുമ്പോൾ എന്ത് തോന്നുന്നു എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇന്ത്യന്‍ നായകന്‍റെ മറുപടി ഇങ്ങനെ.

'എന്ത് ചോദ്യമാണിത്. ഇത് മറ്റൊരു ഫോർമാറ്റാണ്. മറ്റൊരു സമയവും. ക്രിക്കറ്റർമാർ എന്ന നിലക്ക് കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാവുമെന്ന് ഞങ്ങൾക്ക് നല്ല വണ്ണം അറിയാം. എന്‍റെ കരിയറിലും ഞാനീ വീഴ്ചകളിലൂടെ പലവുരു കടന്ന് പോയിട്ടുണ്ട്. അത് കൊണ്ട് ഇതെന്നെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല.

ഇന്നലെ എന്ത് സംഭവിച്ചു എന്നതിന കുറിച്ച് ഞാൻ ആലോചിക്കുന്നേയില്ല. പുതിയ വെല്ലുവിളികളെ സ്വീകരിക്കാനാണ് ഞാനൊരുങ്ങുന്നത്. എത്ര നല്ല കാര്യങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു. ഇനി വരാനിരിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് എന്‍റെ ശ്രദ്ധ'- രോഹിത് പറഞ്ഞു.