ഇരട്ട ഗോളുമായി റൊണാൾഡോ; ഉസ്ബെകിസ്താനെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം

 

ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഉസ്ബെകിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ നൂനോ മെൻഡസ്, റാഫേൽ ലിയാവോ എന്നിവരും പോർച്ചുഗലിനായി ലക്ഷ്യം കണ്ടു. ഉസ്ബെകിസ്താൻ ഗോൾകീപ്പർ നെമറ്റോവിന്റെ സെൽഫ് ഗോളും പറങ്കിപ്പടയുടെ സ്കോർബോർഡിൽ ഇടംപിടിച്ചു.

ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശക്തമായ ലൈനപ്പുമായാണ് പോർച്ചുഗൽ കളത്തിലിറങ്ങിയത്. പ്രതിരോധ നിരയിൽ റൂബൻ ഡയസ് തിരിച്ചെത്തിയപ്പോൾ ബെർണാഡോ സിൽവക്ക് പകരം ജാവോ ഫെലിക്സ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത സമനിലക്ക് ശേഷം നിരവധി വിമർശനങ്ങൾ നേരിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നാണ് കളിയുടെ ആറാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നത്. ജാവോ കാൻസലോ നൽകിയ പാസിലൂടെയായിരുന്നു റൊണാൾഡോയുടെ ഫിനിഷിങ്.

കളിയുടെ 17-ാം മിനിറ്റിൽ ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച തകർപ്പൻ ഫ്രീകിക്കിലൂടെ നൂനോ മെൻഡസ് പോർച്ചുഗലിന്റെ ലീഡുയർത്തി. തുടർന്ന് 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ ക്രിസ്റ്റ്യാനോ വീണ്ടും ഉസ്ബെക്ക് വലകുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ പോർച്ചുഗൽ മൂന്ന് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന പോർച്ചുഗലിന് 60-ാം മിനിറ്റിൽ ഉസ്ബെകിസ്താൻ ഗോൾകീപ്പർ നെമറ്റോവിന്റെ പിഴവിൽ നിന്ന് സെൽഫ് ഗോൾ സമ്മാനമായി ലഭിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ റാഫേൽ ലിയാവോ പോർച്ചുഗലിന്റെ അഞ്ചാം ഗോളും പട്ടികയും പൂർത്തിയാക്കി. വരാനിരിക്കുന്ന മത്സരങ്ങളിൽ പോർച്ചുഗലിന് കൊളംബിയയും ഉസ്ബെക്കിസ്താന് ഡി.ആർ കോങ്കോയുമാണ് എതിരാളികൾ.