സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി റുതുരാജ് ഗെയ്‌ക്‌വാദ്

 

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ആധികാരിക വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്. സഞ്ജു ഇപ്പോൾ ചെന്നൈ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറിയിരിക്കുകയാണെന്ന് റുതുരാജ് പറഞ്ഞു. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കായി 52 പന്തിൽ പുറത്താകാതെ 87 റൺസാണ് സഞ്ജു അടിച്ചുകൂട്ടി ടീമിനെ ജയത്തിലെത്തിച്ചശേഷം സമ്മാനദാന ചടങ്ങിലായിരുന്നു റുതുരാജിന്‍റെ പ്രതികരണം.

ബാറ്റിംഗിന്‍റെ കാര്യം പറയുകയാണെങ്കിൽ, സഞ്ജുവിനെപ്പോലൊരു താരം ടീമിലുള്ളതിൽ ഞാൻ വളരെയധികം ഭാഗ്യവാനാണ്. ലോകകപ്പിലെ ഗംഭീര പ്രകടനത്തിന് ശേഷം ആ ഫോം അദ്ദേഹം ഇവിടെയും തുടരുന്നു. സംശയമില്ലാതെ പറയാം, സഞ്ജുവാണ് ഇപ്പോൾ ഞങ്ങളുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ല് - റുതുരാജ് വ്യക്തമാക്കി.

ബൗളിംഗ് നിരയിൽ അക്കീൽ ഹുസൈനും ജാമി ഓവർട്ടണും നൽകുന്ന പിന്തുണയെയും ക്യാപ്റ്റൻ പ്രശംസിച്ചു. റൺസ് വിട്ടുകൊടുക്കാൻ മിക്കവരും മടിച്ച മന്ദഗതിയിലുള്ള പിച്ചിൽ ഇരുവരും നിശബ്ദമായി തങ്ങളുടെ ജോലി കൃത്യമായി നിർവ്വഹിച്ചതാണ് ഡൽഹിയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചതെന്നും റുതുരാജ് കൂട്ടിച്ചേർത്തു. ഈ സീസണിൽ സഞ്ജു 40 റൺസിന് മുകളിൽ സ്കോർ ചെയ്ത എല്ലാ മത്സരങ്ങളിലും സിഎസ്‌കെ വിജയിച്ചിട്ടുണ്ട്. ഡൽഹിക്കെതിരെ നേടിയ പുറത്താകാതെ നേടിയ 87* റൺസ് ഈ സീസണിൽ 80-ന് മുകളിൽ സഞ്ജു നേടുന്ന മൂന്നാമത്തെ സ്കോറാണ്. ഇതിൽ ഡൽഹിക്കെതിരെ തന്നെ ചെന്നൈയിൽ വെച്ച് നേടിയ സെഞ്ചുറിയും ഉൾപ്പെടുന്നു.