ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ
Aug 1, 2026, 19:50 IST
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും. അനുഭവസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള ഇരു താരങ്ങളുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ മികച്ച പ്രകടനമാണ് ആലപ്പുഴ ടീം ലക്ഷ്യമിടുന്നത്.
തയ്യാറെടുപ്പുകളോടെയാണ് ആലപ്പുഴ റിപ്പിൾസ് കെസിഎൽ മൂന്നാം സീസണിലേക്ക് കടക്കുന്നത്. അസ്ഹറുദ്ദീനെയും ജലജ് സക്സേനയെയും നിലനിർത്തിയതിനൊപ്പം പത്ത് ലക്ഷം രൂപയ്ക്ക് സച്ചിൻ ബേബിയെ സ്വന്തമാക്കിയത് ടീമിന് വലിയ കരുത്താകും. സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ തുടങ്ങിയ യുവതാരങ്ങളും ഉൾപ്പെടുന്ന സന്തുലിതമായ ടീം മികച്ച പോരാട്ടവീര്യം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റും ആരാധകരും.