സഞ്ജുവും ജഡേജയും നേർക്കുനേർ; രാജസ്ഥാൻ-ചെന്നൈ ആവേശപ്പോരാട്ടം ഇന്ന്

 

ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും. ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുൻ ടീമുകൾക്കെതിരെ കളത്തിലിറങ്ങുന്ന സഞ്ജു സാംസണും രവീന്ദ്ര ജഡേജയുമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. 11 വർഷം രാജസ്ഥാനൊപ്പമുണ്ടായിരുന്ന സഞ്ജു ഇത്തവണ ചെന്നൈ ജേഴ്സിയിലാണ് എത്തുന്നത്. അതേസമയം, 12 വർഷം ചെന്നൈയുടെ കരുത്തായിരുന്ന ജഡേജ ഇത്തവണ രാജസ്ഥാൻ നിരയിൽ സഞ്ജുവിനെതിരെ പന്തെറിയും.

കഴിഞ്ഞ സീസണിലെ തിരിച്ചടികൾ മറന്ന് ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസൺ ഇത്തവണ ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. എം.എസ്. ധോണിക്ക് പരിക്കേറ്റ സാഹചര്യത്തിൽ സഞ്ജു തന്നെയാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. വൻ തുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവരിൽ ഒരാൾക്ക് ഇന്ന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. വിദേശ താരങ്ങളായ നൂർ അഹമ്മദ്, അകീൽ ഹുസൈൻ, ജെയ്മി ഓവർട്ടൺ, മാറ്റ് ഹെൻറി എന്നിവരിലാണ് ചെന്നൈയുടെ ബൗളിംഗ് പ്രതീക്ഷകൾ.

മറുവശത്ത്, പുതിയ ക്യാപ്റ്റൻ റിയാൻ പരാഗിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് അണിനിരക്കുന്നത്. ടീമിന്റെ വജ്രായുധമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ് ആരാധകർ ഉറ്റുനോക്കുന്നത്. വൈഭവും യശസ്വി ജയ്‌സ്വാളും ചേർന്നുള്ള ഓപ്പണിംഗ് സഖ്യം രാജസ്ഥാന് മികച്ച തുടക്കം നൽകുമെന്നാണ് പ്രതീക്ഷ. സ്വന്തം തട്ടകത്തിന്റെ ആനുകൂല്യത്തിൽ ചെന്നൈയെ തളയ്ക്കാനുറച്ചാണ് രാജസ്ഥാൻ തന്ത്രങ്ങൾ മെനയുന്നത്.