ഡൽഹി ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

 

മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച 'ജൻ കൗശൽ കേന്ദ്ര'യുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. തീരുമാനത്തിന് മുന്നോടിയായി സഞ്ജു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

യുവാക്കളിൽ നൈപുണ്യ വികസനം ഉറപ്പാക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിച്ച് അവരെ സ്വയം പര്യാപ്തത കൈവരിക്കാൻ പ്രചോദിപ്പിക്കാനുമാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറാക്കിയതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. ബാല്യകാലവും ക്രിക്കറ്റ് തുടക്കകാലവും ചെലവഴിച്ച ഡൽഹിയിലേക്കുള്ള സഞ്ജുവിന്റെ മടങ്ങിവരവ് ഏറെ ആവേശത്തോടെയാണ് കായികപ്രേമികൾ കാണുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഭാവി അധിഷ്ഠിത മേഖലകളിൽ യുവാക്കൾക്ക് പരിശീലനം നൽകുകയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.