സഞ്ജു സാംസൺ വീണ്ടും 'റിയൽ ഹീറോ'; ഡിസ്‌പ്ലേ തകരാറായ ഫോൺ കണ്ടപ്പോൾ ആരാധകന് സമ്മാനിച്ചത് പുത്തൻ സ്മാർട്ട്ഫോൺ
ക്രിക്കറ്റ് മൈതാനത്തെ സിക്സറുകൾ പോലെ തന്നെ സഞ്ജു സാംസണിന്റെ മനുഷ്യത്വപരമായ ഇടപെടലുകളും ആരാധകർക്ക് എന്നും ആവേശമാണ്. ഇത്തവണ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ടി. ശബരീഷാണ് തന്റെ പ്രിയതാരത്തിൽ നിന്ന് അപ്രതീക്ഷിതമായി 40,000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ സമ്മാനമായി ലഭിച്ച ത്രില്ലിലുള്ളത്. ഐപിഎൽ മത്സരങ്ങൾക്കിടയിലെ ചെറിയ ഇടവേളയിൽ കേരളത്തിൽ എത്തിയ സഞ്ജു, കോയമ്പത്തൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഈ സിനിമാക്കഥയെ വെല്ലുന്ന സംഭവം.
യാത്രയ്ക്കിടെ ഫോൺ വിളിക്കാനായി പുഞ്ചപ്പാടം സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം സഞ്ജു തന്റെ റേഞ്ച് റോവർ ഒതുക്കി നിർത്തി. ഈ സമയത്ത് ക്രിക്കറ്റ് കളിക്കാൻ പോവുകയായിരുന്ന ശബരീഷും കൂട്ടുകാരും കൗതുകത്തിന് കാറിനടുത്തേക്ക് ചെന്നപ്പോഴാണ് ഉള്ളിലിരിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിഞ്ഞത്. ഫോൺ കോളിന് ശേഷം സഞ്ജു തന്നെ അങ്ങോട്ട് വിളിച്ച് വിശേഷങ്ങൾ തിരക്കുകയും സെൽഫി എടുക്കണോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ സെൽഫി എടുക്കാൻ ശബരീഷ് തന്റെ ഫോൺ ഉയർത്തിയപ്പോൾ അതിന്റെ ഡിസ്‌പ്ലേയിൽ വരകൾ വീണിരിക്കുന്നത് സഞ്ജു ശ്രദ്ധിച്ചു.
"ഡിസ്‌പ്ലേ കേടായല്ലോ" എന്ന് ചോദിച്ച സഞ്ജു, ഉടൻ തന്നെ കാറിന്റെ പിൻവശം തുറന്ന് ഏകദേശം 40,000 രൂപ വിലവരുന്ന പുത്തൻ ഫോൺ എടുത്ത് ശബരീഷിന് സമ്മാനമായി നൽകുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ സമ്മാനത്തിന്റെ ഞെട്ടലിലാണ് കേബിൾ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശബരീഷ്. സമ്മാനം നൽകിയ ശേഷം സ്നേഹത്തോടെ യാത്ര പറഞ്ഞ് സഞ്ജു കോയമ്പത്തൂരിലേക്ക് യാത്ര തുടർന്നു. സോഷ്യൽ മീഡിയയിൽ സഞ്ജുവിന്റെ ഈ വലിയ മനസ്സിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.