സഞ്ജു സാംസൺ ഭാവിയിലെ 'തല'! മലയാളി താരം ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്
2026 ഐപിഎൽ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിൽ നിന്ന് ടീമിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിങ്സ് വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നു. എം.എസ്. ധോനിയുടെ പിൻഗാമിയെന്ന നിലയിൽ ഭാവി നായകനായാണ് ചെന്നൈ സഞ്ജുവിനെ കാണുന്നത്. ഐപിഎൽ മിനി ലേലത്തിന് മുൻപ് നടന്ന വമ്പൻ ട്രേഡിലൂടെ 18 കോടി രൂപയ്ക്കാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാന് വിട്ടുനൽകിക്കൊണ്ടായിരുന്നു ഈ നീക്കം.
അടുത്ത സീസണോടെ ധോനി വിരമിക്കുമെന്ന സൂചനകൾക്കിടെ, സഞ്ജുവിനെ നായകസ്ഥാനത്തേക്ക് വളർത്തിക്കൊണ്ടുവരാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. നിലവിൽ ഋതുരാജ് ഗെയിക്വാദാണ് ടീമിനെ നയിക്കുന്നത്. വരുന്ന സീസണിൽ ചില മത്സരങ്ങളിൽ ധോനി ഇംപാക്ട് പ്ലെയറായി കളിക്കാൻ സാധ്യതയുള്ളതിനാൽ, സഞ്ജു തന്നെയാകും ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പർ. ഉർവിൽ പട്ടേൽ ടീമിലുണ്ടെങ്കിലും അനുഭവസമ്പത്ത് കണക്കിലെടുത്ത് സഞ്ജുവിനായിരിക്കും മുൻഗണന.
രാജസ്ഥാൻ റോയൽസിനെ നയിച്ച മികച്ച ട്രാക്ക് റെക്കോർഡുള്ള സഞ്ജു ചെന്നൈയിലെത്തുന്നതോടെ ടീമിന് പുതിയൊരു ഊർജ്ജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'തല'യ്ക്ക് ശേഷം ചെന്നൈയുടെ വിശ്വസ്തനായ നായകനായി സഞ്ജു മാറുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.