സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ പുറത്തെടുത്ത വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഫൈനലില്‍ കളിയിലെ താരമായ സഹതാരം ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണർ എസ്റ്റർഹൂയിസനെയും പിന്തള്ളിയാണ് സഞ്ജുവിന്‍റെ നേട്ടം.

ലോകകപ്പിലുടനീളം മികച്ച ഫോമിലായിരുന്ന സഞ്ജു, കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് അടിച്ചുകൂട്ടിയത്. ഗ്രൂപ്പ് ഘടത്തില്‍ ഒരു മത്സരം മാത്രം കളിച്ചിട്ടും ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് മലയാളി താരം ഫിനിഷ് ചെയ്തത്. 80.25 എന്ന അവിശ്വസനീയമായ ബാറ്റിംഗ് ശരാശരിയിലായിരുന്നു സൂപ്പര്‍ 8 മുതല്‍ സഞ്ജുവിന്‍റെ ബാറ്റിംഗ്.