ഇനി കോഹ്‌ലിക്കും രോഹിത്തിനുമൊപ്പം സഞ്ജു; വാങ്കഡെയിൽ തകർത്തത് രണ്ട് വമ്പൻ റെക്കോർഡുകൾ
ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിലെ തകർപ്പൻ ഇന്നിങ്‌സോടെ പുതിയ റെക്കോർഡുകൾ കുറിച്ച് സഞ്ജു സാംസൺ. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജു, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും റെക്കോർഡുകൾക്കൊപ്പമാണ് ഇടംപിടിച്ചത്. സെഞ്ച്വറിക്ക് 11 റൺസ് അകലെ വിൽ ജാക്‌സിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും സഞ്ജു തന്റെ പേരിൽ രണ്ട് ചരിത്ര നേട്ടങ്ങൾ കുറിച്ചുകഴിഞ്ഞു.
ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമാണ് സഞ്ജു എത്തിയത്. 2016-ലെ ലോകകപ്പ് സെമിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ കോഹ്‌ലി പുറത്താകാതെ നേടിയ 89 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ. ഈ നേട്ടമാണ് സഞ്ജു ഇന്ന് വാങ്കഡെയിൽ ആവർത്തിച്ചത്.
കൂടാതെ, ഒരു ടി20 ലോകകപ്പ് സീസണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരം എന്ന രോഹിത് ശർമയുടെ റെക്കോർഡും സഞ്ജു തകർത്തു. 2024 സീസണിൽ 15 സിക്‌സുകൾ നേടിയ രോഹിത്തിന്റെ റെക്കോർഡാണ് ഇന്നത്തെ ഏഴ് സിക്‌സറുകളോടെ സഞ്ജു പഴങ്കഥയാക്കിയത്. ഈ സീസണിൽ സഞ്ജുവിന്റെ ആകെ സിക്‌സറുകളുടെ എണ്ണം ഇതോടെ 16 ആയി. മലയാളി താരത്തിന്റെ ഈ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയെ സെമിയിൽ കൂറ്റൻ സ്കോറിലെത്തിച്ചത്.