സഞ്ജുവിന്റെ 'എൽ ക്ലാസിക്കോ'! വാംഖഡെയിൽ വീണ്ടും സെഞ്ച്വറി; ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ
ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ ഈ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. അവസാന ഓവറിലെ അവസാന പന്തിൽ ബൗണ്ടറി പായിച്ചാണ് താരം തന്റെ സെഞ്ച്വറി തികച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണറായി എത്തിയ സഞ്ജു തുടക്കം മുതൽ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. പത്തു ഫോറുകളും ആറ് സിക്സറുകളുമാണ് ആ ഇന്നിങ്സിൽ പിറന്നത്. വെറും 26 പന്തിൽ നിന്ന് സഞ്ജു തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും വിട്ടുകൊടുക്കാതെ പൊരുതിയ സഞ്ജുവിന്റെ കരുത്തിൽ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തി.
ചെന്നൈ നിരയിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (22), ഡെവാൾഡ് ബ്രവിസ് (21) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സർഫറാസ് ഖാൻ (14), കാർത്തിക് ശർമ്മ (18), ജാമി ഓവർടൺ (15) എന്നിവരും ചെറിയ സംഭാവനകൾ നൽകി. എന്നാൽ ശിവം ദുബെ (5) നിരാശപ്പെടുത്തി. മുംബൈ ഇന്ത്യൻസിനായി ഘാസൻഫറും അശ്വിനി കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മിച്ചൽ സാന്റ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.