സീചെം ട്രോഫി: ചണ്ഡീഗഢിനെ തകർത്ത് കേരളം ഫൈനലിൽ

 

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ ചണ്ഡീഗഢിനെ 99 റൺസിന് തോൽപ്പിച്ച് കേരളം ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡീഗഢ് 18.1 ഓവറിൽ 58 റൺസിന് ഓൾഔട്ടായി.

44 റൺസെടുത്ത വൈഷ്ണ എം.പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. എ. അക്ഷയ (32), സജന സജീവൻ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ആശ ശോഭന (11), സായൂജ്യ കെ.എസ് (9) എന്നിവർ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡീഗഢ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് ഓവറിൽ ഒരു റൺ മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്. സൂര്യ സുകുമാർ, ആശ ശോഭന എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.