ഭാരോദ്വഹനത്തിൽ തിരിച്ചടി; മെഡലില്ലാതെ മാർട്ടിന ദേവി അഞ്ചാം സ്ഥാനത്ത്

 

വനിതകളുടെ +86 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഇന്ത്യക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ താരം മാർട്ടിന ദേവിക്ക് മെഡൽ പട്ടികയിൽ ഇടംപിടിക്കാനായില്ല. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 245 കിലോ ഉയർത്തിയ താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 278 കിലോ ഉയർത്തിയ ഇംഗ്ലണ്ടിന്റെ എമിലി കാംപ്‌ബെൽ ഈ ഇനത്തിൽ സ്വർണം നേടി.

സ്‌നാച്ച് റൗണ്ടിൽ ആദ്യ രണ്ട് ശ്രമങ്ങളിലും 103 കിലോ ഉയർത്താൻ സാധിക്കാതെ താരം സമ്മർദ്ദത്തിലായിരുന്നു. എന്നാൽ നിർണായകമായ മൂന്നാം ശ്രമത്തിൽ ഭാരം 105 കിലോ ആയി ഉയർത്തി അത് വിജയിച്ചാണ് മാർട്ടിന റൗണ്ട് പൂർത്തിയാക്കിയത്. തുടർന്ന് നടന്ന ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 140 കിലോ ഉയർത്തി പ്രതീക്ഷ നിലനിർത്തിയെങ്കിലും, 144 കിലോയും 146 കിലോയും ലക്ഷ്യമിട്ട അടുത്ത ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മെഡൽ സ്വപ്നം അകലുകയായിരുന്നു.