ക്യാപ്റ്റൻ സ്ഥാനത്ത് അജിങ്ക്യാ രഹാനെയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് മുംബൈ, ഷാർദ്ദുൽ താക്കൂർ നയിക്കും

 

മുംബൈ ക്രിക്കറ്റ് ടീമിനെ ഇനി ഓൾ റൗണ്ടർ ഷാർദ്ദുൽ താക്കൂർ നയിക്കും. ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച അജിങ്ക്യാ രഹാനെക്ക് പകരക്കാരനായാണ് ഷാർദ്ദുൽ താക്കൂറിനെ മുംബൈ നായകനായി തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. അടുത്ത ആഭ്യന്തര സീസണിൽ രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലുമാവും ഷാർദ്ദുൽ മുംബൈയെ നയിക്കുക. യുവതാരങ്ങൾക്ക് അവസരം നൽകാനും അടുത്ത ക്യാപ്റ്റനെ വളർത്തിയെടുക്കാനുമായാണ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നത് എന്ന് രഹാനെ പറഞ്ഞെങ്കിലും 33കാരനായ ഷാർദ്ദുലിനെ മുംബൈ നായകനായി തെരഞ്ഞെടുത്തത് അപ്രതീക്ഷിതമായി.

യുവതാരങ്ങളായ യശസ്വി ജയ്‌സ്വാൾ, സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ എന്നിവരിലൊരാളെ നായക സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സർഫറാസും യശസ്വി ജയ്‌സ്വാളും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് കൂടി പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ സീസൺ മുഴുവൻ സേവനം ലഭ്യമാകുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാർദ്ദുലിനെ നായകാനായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ട്.