ഏകദിന റാങ്കിംഗിൽ കോലിയെ മറികടന്ന് ശുഭ്‌മാൻ ഗിൽ; ടെസ്റ്റിൽ ബുമ്രയ്ക്കൊപ്പം മാറ്റ് ഹെൻറിയും ഒന്നാമത്

 

ഐ.സി.സി പുതുതായി പുറത്തുവിട്ട ആഗോള ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന് വമ്പൻ കുതിപ്പ്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഗിൽ കരിയറിലെ ഏറ്റവും മികച്ച റാങ്കായ രണ്ടാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഗില്ലിന്റെ ഈ നേട്ടം. പരിക്കിനെ തുടർന്ന് ഈ പരമ്പര നഷ്ടമായ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയെ മറികടന്നാണ് ഗിൽ രണ്ടാമതെത്തിയത്.

നിലവിൽ 791 റേറ്റിങ് പോയിന്റാണ് ഗില്ലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലിനേക്കാൾ വെറും 24 പോയിന്റ് മാത്രം പിന്നിലാണ് താരം. 768 റേറ്റിംഗ് പോയിന്റുമായി കോലി മൂന്നാമതും 754 പോയിന്റുമായി രോഹിത് ശർമ്മ നാലാമതുമാണ്. അഫ്ഗാനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 43-ാം റാങ്കിലെത്തി. രണ്ട് സ്ഥാനം നഷ്ടമായ കെ.എൽ രാഹുൽ 11-ാം റാങ്കിലേക്ക് വീണ് ടോപ് 10-ൽ നിന്ന് പുറത്തായി. ഏകദിന ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം അർഷ്ദീപ് സിങ് 22-ാം സ്ഥാനത്തും പ്രസിദ്ധ് കൃഷ്ണ 58-ാം റാങ്കിലുമെത്തി.

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സഹതാരം ഹാരി ബ്രൂക്കിനെ പിന്നിലാക്കിയാണ് റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. അതേസമയം, ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 11 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. 1947-ൽ ജാക്ക് കോവിയും അതിനുശേഷം ഇതിഹാസ താരം റിച്ചാർഡ് ഹാഡ്‌ലിയും മാത്രമാണ് ന്യൂസിലൻഡിനായി ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.