സ്മൃതി-ഷഫാലി വെടിക്കെട്ട്; ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് നാലാം ടി20യിലും ജയം
ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തിൽ 30 റൺസിന്റെ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതകൾ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. ഇന്ത്യ ഉയർത്തിയ 222 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണർമാരായ സ്മൃതി മന്ഥനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 162 റൺസാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ റിച്ച ഘോഷ് (16 പന്തിൽ 40) നടത്തിയ മിന്നൽ പ്രകടനം ഇന്ത്യൻ സ്‌കോർ 221-ൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചമാരി അത്തപ്പത്തു (52) പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർക്ക് ലക്ഷ്യം കാണാനായില്ല. ഹാസിനി പെരേര (33), ഇമേഷ ധുലാനി (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.