വിന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക

 
ടി20 ലോകകപ്പിലെ അപരാജിതര്‍ തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 23 പന്തുകളും 9 വിക്കറ്റും ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രവും(46 പന്തില്‍ 82*) 47 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കും 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിയാന്‍ റിക്കിള്‍ടണുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം അനായാസമാക്കിയത്. ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക വമ്പന്‍ ജയം നേടിയതോടെ ഇന്ത്യ സെമിയിലെത്താനുള്ള സാധ്യതയും വര്‍ധിച്ചു. ഇന്ന് നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വെയെയും ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 176-8, ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ 177-1.