റയൽ മാഡ്രിഡ് താരങ്ങളില്ലാതെ സ്പെയിന്റെ ലോകകപ്പ് ടീം; ബാഴ്‌സലോണയിൽ നിന്ന് 8 പേർ
ലോകകപ്പ് ഫുട്ബോളിനുള്ള 26 അംഗ സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ താരങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യുവന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് ഫുട്ബോൾ ചരിത്രത്തിൽ വലിയ ചർച്ചകൾക്കാണ് ഈ തീരുമാനം വഴിവെച്ചിരിക്കുന്നത്. ടീമിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റയൽ മാഡ്രിഡിൽ നിന്നുള്ള ഒരു താരം പോലും ലോകകപ്പ് സ്ക്വാഡിൽ ഇടംനേടാതെ പോകുന്നത്. അതേസമയം, എതിരാളികളായ ബാഴ്‌സലോണയിൽ നിന്ന് എട്ട് താരങ്ങൾ ടീമിൽ ഇടംപിടിച്ചു. ആഴ്‌സണൽ, അത്ലറ്റിക് ക്ലബ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയിൽ നിന്ന് മൂന്ന് വീതം കളിക്കാരും ടീമിലുണ്ട്.
ടീമിലുണ്ടാകുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഡീൻ ഹൂയിസെൻ, അൽവാരോ കരേരസ്, ഫ്രാൻ ഗാർഷ്യ എന്നിവരെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. റയൽ മാഡ്രിഡിന്റെ മുൻ ക്യാപ്റ്റൻ ഡാനി കർവാഹലിന് പരിക്ക് വില്ലനായപ്പോൾ പകരം പ്രതിരോധ നിരയിലെ വിടവ് നികത്താൻ യുവതാരങ്ങളെ പരിശീലകൻ പരിഗണിച്ചതുമില്ല.
മൊറാട്ട പുറത്ത്; യമാലിന് പരിക്ക്
2024-ൽ യൂറോ കപ്പ് നേടിയ ടീമിനെ നയിച്ച അൽവാരോ മൊറാട്ടയ്ക്ക് ഇത്തവണ സ്ക്വാഡിൽ ഇടം ലഭിച്ചില്ല. കാൽവിരലിന് പൊട്ടലേറ്റ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫെർമിൻ ലോപ്പസിനും പരിക്ക് തിരിച്ചടിയായി. സൂപ്പർ താരം ലമിൻ യമാലും നിലവിൽ പരിക്കിന്റെ പിടിയിലാണ്. അതിനാൽ കേപ് വെർദെയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയമാണ്. യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ജോവാൻ ഗാർഷ്യ എന്നിവരുൾപ്പെടെയുള്ള ബാഴ്‌സലോണ താരങ്ങൾക്കാണ് സ്ക്വാഡിൽ വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നത്.
ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് സ്പെയിൻ മത്സരിക്കുന്നത്. കേപ് വെർദെ, സൗദി അറേബ്യ, യുറഗ്വായ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 14-ന് കേപ് വെർദെയ്ക്കെതിരെയാണ് സ്‌പെയിനിന്റെ ആദ്യ പോരാട്ടം. ഇതിന് മുന്നോടിയായി ഇറാഖ്, പെറു എന്നീ ടീമുകളുമായി സ്പെയിൻ സന്നാഹ മത്സരങ്ങൾ കളിക്കും.
സ്പെയിൻ സ്ക്വാഡ്:
- ഗോൾകീപ്പർമാർ: ഉനായ് സിമോൺ, ഡേവിഡ് റായ, യൊവാൻ ഗാർസ്യ.
- പ്രതിരോധം: മാർക്ക് കുക്കുറെയ്യ, അലക്‌സാൻഡ്രോ ഗ്രിമാൾഡോ, പാവു കുബാർസി, ഐമെറിക് ലാപോർട്ടെ, മാർക്ക് പുബിൽ, എറിക് ഗാർസ്യ, മാർക്കോസ് ലോറെന്റെ, പെഡ്രോ പോറോ.
- മധ്യനിര: പെഡ്രി, ഫാബിയാൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി, ഗാവി, റോഡ്രിഗോ, അലക്‌സ് ബയേന, മിക്കെൽ മെറീനോ.
- മുന്നേറ്റനിര: മൈക്കൽ ഒയാർസബാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാൻ ടോറസ്, ബോർഹ ഇഗ്ലേഷ്യസ്, വിക്ടർ മുനോസ്, ലമിൻ യമാൽ.