മുസന്ദമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ച് സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ഇനിയേസ്റ്റ
ഒമാന്റെ പ്രകൃതിഭംഗി ആസ്വദിച്ച് അവധിക്കാലം ആഘോഷിച്ച് സ്പാനിഷ് ഫുട്ബോൾ ഇതിഹാസവും മുൻ ബാഴ്സലോണ താരവുമായ ആന്ദ്രേസ് ഇനിയേസ്റ്റ. യു.എ.ഇ പ്രൊഫഷണൽ ലീഗിലെ ഗൾഫ് യുണൈറ്റഡ് എഫ്.സിയുടെ (Gulf United FC) മുഖ്യ പരിശീലകനായി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഇനിയേസ്റ്റ കുടുംബത്തോടൊപ്പം ഒമാനിലെത്തിയത്.
ഒമാനിലെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറ്റവും പ്രശസ്തമായ മുസന്ദം ഗവർണറേറ്റിലെ 'സിക്സ് സെൻസസ് സിഗി ബേ' (Six Senses Zighy Bay) എന്ന ആഢംബര റിസോർട്ടിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചു. മുസന്ദത്തിന്റെ സവിശേഷതയായ കുന്നിൻചെരിവുകളും നീലക്കടലും ഒന്നിക്കുന്ന അതിമനോഹരമായ ഭൂപ്രകൃതി പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രങ്ങൾ. വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒമാനിലെ തന്നെ ഏറ്റവും പ്രശസ്തമായ ആഡംബര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുസന്ദം.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ ക്ലബ്ബായ ഗൾഫ് യുണൈറ്റഡ് ഇനിയേസ്റ്റയെ തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്പെയിൻ ദേശീയ ടീമിന്റെയും ബാഴ്സലോണയുടെയും മധ്യനിരയിൽ രണ്ട് പതിറ്റാണ്ടോളം പയറ്റിത്തെളിഞ്ഞ കളി മികവുമായാണ് ഈ മുൻ ലോകകപ്പ് ജേതാവ് തന്റെ കരിയറിൽ ആദ്യമായി പരിശീലക കുപ്പായമണിയാൻ ഒരുങ്ങുന്നത്. പുതിയ സീസണിലെ കടുത്ത പരിശീലന മത്സരങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് താരം കുടുംബത്തോടൊപ്പം ഒമാനിൽ വിശ്രമദിനങ്ങൾ ചെലവഴിക്കുന്നത്.