സൂപ്പർ ലീഗ് കേരള: എവർ ഡിമാൾഡെ കാലിക്കറ്റ് എഫ്.സിയുടെ പരിശീലകനായി തുടരും
വരുന്ന സൂപ്പർ ലീഗ് കേരള (SLK) സീസണിലും കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബിന്റെ ഹെഡ് കോച്ചായി 39 കാരനായ അർജന്റീനിയൻ പരിശീലകൻ എവർ അഡ്രിയാനോ ഡിമാള്‍ഡെ തുടരും. കഴിഞ്ഞ സീസണിലും ക്ലബ്ബിന്റെ പരിശീലകൻ ഇദ്ദേഹമായിരുന്നു. സൗദി അറേബ്യൻ ദേശീയ ടീം, ഫ്രഞ്ച് ക്ലബ്ബ് മാഴ്സെ എന്നിവയുടെ അസിസ്റ്റന്റ് കോച്ചായി ഡിമാൾഡെ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഹെറേറ എഫ്.സി, എഫ്.സി ഡിലാ, ഇൻഡിപെൻഡിയെന്റ റിവാഡാവിയ, അൽ ഹിലാൽ യുണൈറ്റഡ് എന്നീ പ്രമുഖ ക്ലബ്ബുകളെയും അദ്ദേഹം പരിശീലപ്പിച്ചിട്ടുണ്ട്.
എവർ ടീമിലേക്ക് മികച്ച അച്ചടക്കവും കളിരീതിയും കൊണ്ടുവന്നെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുമെന്നും കാലിക്കറ്റ് എഫ്.സി സിഇഒ കോരത്ത് മാത്യു വ്യക്തമാക്കി. ആക്രമണത്തിലൂന്നിയ പ്രസ്സിംഗ് ശൈലിയിലൂടെ കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റോടെ ടീമിനെ പട്ടികയിൽ ഒന്നാമതെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
കാലിക്കറ്റ് എഫ്.സിയിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്നും കിരീടത്തിനായി സർവ്വകരുത്തും പുറത്തെടുക്കുമെന്നും പരിശീലകൻ ഡിമാൾഡെ പറഞ്ഞു. നിലവിൽ പ്രീ-സീസൺ പരിശീലനങ്ങൾ ആരംഭിച്ച ടീം കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നത്.