ടി20 നായകനായി സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ അനിശ്ചിതത്വം; നാളെ നിർണായക യോഗം
ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാർ യാദവ് തുടരുമോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. സൂര്യക്ക് പകരം മലയാളി താരം സഞ്ജു സാംസണിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. ചൊവ്വാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാടായിരിക്കും വിഷയത്തിൽ നിർണായകമാകുക.
സൂര്യകുമാറിന്റെ ഭാവി ഗംഭീർ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചിരിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച സെലക്ഷൻ കമ്മിറ്റി ചേരുന്നുണ്ട്. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ടി20 നായകസ്ഥാനവും ചർച്ചയായേക്കും. അഫ്ഗാനെതിരേ ഒരു ടെസ്റ്റ് മത്സരവും ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടീമുകളുടെ കാര്യത്തിലും ഏകദേശ ധാരണയായേക്കും. ടി20 ലോകകപ്പിന് ശേഷമുള്ള ആദ്യ സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങാണ് ചൊവ്വാഴ്ച നടക്കുന്നത്.
ഋഷഭ് പന്തിന്റെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനം സംബന്ധിച്ചും ചർച്ച നടന്നേക്കും. പന്തിന്റെ നായകത്വം സംബന്ധിച്ച് ബിസിസിഐക്ക് ആശങ്കയുണ്ടെന്നാണ് വിവരം. ഐപിഎല്ലിലെ ലഖ്‌നൗവിന്റെ നായകനായി താരത്തിന് തിളങ്ങാനായിരുന്നില്ല.
‘ഋഷഭ് പന്തിനെ പോലുള്ള ഒരു മാച്ച്-വിന്നറെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല. അദ്ദേഹത്തിന്റെ ആക്രമണോത്സുകമായ ബാറ്റിങ് കൊണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുമ്പോൾ ബാറ്റിങ്ങിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ലെന്ന അഭിപ്രായം ഉയരുന്നുണ്ട്.’ - ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.