സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനെ തകർത്ത് കേരളത്തിന് 9 വിക്കറ്റ് ജയം; 37 പന്തിൽ 93 റൺസുമായി അസ്ഹറുദ്ദീൻ

 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അസമിനെതിരെ തകർപ്പൻ ജയവുമായി കേരളം. ഒൻപത് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അസം ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം വെറും 12.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു.

മിന്നും ബാറ്റിങ്ങുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ വിജയശിൽപി. വെറും 37 പന്തിൽ ഒൻപത് സിക്സും ആറ് ഫോറും ഉൾപ്പെടെ 93 റൺസെടുത്ത താരം പുറത്താകാതെ നിന്നു. സിക്സർ പറത്തിയാണ് അസ്ഹറുദ്ദീൻ കേരളത്തിന്റെ വിജയം പൂർത്തിയാക്കിയത്.

കേരളത്തിന്റെ ഓപ്പണിങ് സഖ്യമായ അസ്ഹറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് ഒന്നാം വിക്കറ്റിൽ 8.1 ഓവറിൽ 123 റൺസ് കൂട്ടിച്ചേർത്തു. 27 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 53 റൺസെടുത്ത രോഹനാണ് പുറത്തായ ഏക താരം. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ 13 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അസം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. ക്യാപ്റ്റൻ ദേനിഷ് ദാസ് പുറത്താകാതെ 49 റൺസെടുത്തു. രോഹിത് സെൻ 29 റൺസും ആകാശ് സെൻ ഗുപ്ത, അയുഷ് അഗർവാൾ എന്നിവർ 21 റൺസ് വീതവും നേടി.

കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കാർത്തിക് ബി. നായരും അബ്ദുൽ ബാസിതും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.മത്സരത്തിൽ 45 പന്തുകൾ ബാക്കിനിൽക്കെയാണ് കേരളം വിജയം സ്വന്തമാക്കിയത്